ശ്രീനഗർ: നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് കടന്ന പാക് അധീന കാശ്മീർ സ്വദേശിയെ തിരിച്ച് പാകിസ്ഥാൻ സൈന്യത്തിന് കൈമാറി ഇന്ത്യൻ സൈന്യം.
22കാരനായ സീഷാൻ മീറിനെയാണ് സുരക്ഷാസേന പാക് സൈന്യത്തിന് കൈമാറിയത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണ് യുവാവ് നിയന്ത്രണരേഖ മറികടന്നത്. ഒപ്പം തന്റെ പൂർവ്വികരുടെ സ്വത്തിന്മേല്‍ അവകാശം ഉന്നയിക്കാനും യുവാവ് ലക്ഷ്യമിട്ടിരുന്നു.
കഴിഞ്ഞ മേയിലാണ് ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലൂടെ യുവാവ് അതിർത്തി ലംഘിച്ചത്. കുടുംബം പുലർത്താനും പണം സമ്പാദിക്കാനുമുള്ള വീട്ടുകാരുടെ നിരന്തരമായ സമ്മർദ്ദം മൂലം മാനസിക വിഷമത്തിലായിരുന്നു സീഷാൻ മീറെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതിനിടയിലാണ് ബാരാമുള്ളയിലെ തുല്‍വാരി ഗ്രാമത്തിലുള്ള ഇരും ബാനോ എന്ന യുവതിയെ സീഷാൻ സ്നാപ്ചാറ്റിലൂടെ പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
സംഭാഷണങ്ങള്‍ക്കിടയിലാണ് സീഷാന്റെ പൂർവികർ പണ്ട് താമസിച്ചിരുന്ന അതേ ഗ്രാമത്തിലാണ് ബാനോയും ഇപ്പോള്‍ താമസിക്കുന്നതെന്ന വിവരം ഇരുവരും തിരിച്ചറിയുന്നത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സീഷാൻ പങ്കുവച്ചതോടെ അതിർത്തി കടന്ന് തന്റെ ഗ്രാമത്തിലേക്ക് വരാൻ യുവതി നിർദ്ദേശിക്കുകയായിരുന്നു.
അതിർത്തി കടന്ന് ഇന്ത്യൻ സൈന്യത്തിന് മുന്നില്‍ കീഴടങ്ങാനായിരുന്നു യുവാവിന്റെ പദ്ധതി. നിയമ വിരുദ്ധമായി അതിർത്തി കടന്നതിന് ജയില്‍ശിക്ഷ അനുഭവിക്കാൻ ഇയാള്‍ തയ്യാറായിരുന്നു. ജയില്‍ മോചിതനായ ശേഷം തന്റെ പൂർവ്വികരുടെ സ്വത്ത് സ്വന്തമാക്കി അവിടെത്തന്നെ സ്ഥിര താമസമാക്കാനായിരുന്നു യുവാവ് ലക്ഷ്യമിട്ടത്.
എന്നാല്‍ മേയില്‍ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ സൈന്യം ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവാവ് പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥർ ബാനോയെ വിളിച്ചു വരുത്തി.
തുടർന്ന് സീഷാനെ ഇന്ത്യയില്‍ തുടരാൻ അനുവദിക്കണമെന്ന് യുവതി അധികൃതരോട് അഭ്യർത്ഥിച്ചു. യുവാവിന്റെ വരവിനു പിന്നില്‍ മറ്റ് അട്ടിമറികളോ ചാരവൃത്തിയോ ഇല്ലെന്ന് സുരക്ഷാ ഏജൻസികള്‍ ഉറപ്പു വരുത്തിയ ശേഷമാണ് മേല്‍നടപടികളിലേക്ക് കടന്നത്.
