ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാത്തവർക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ ലഭ്യമാകില്ല. കേന്ദ്ര മോട്ടോർ വാഹനച്ചട്ടം (1989) പരിഷ്കരിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ 'നോട്ട് ടു ബി ട്രാൻസാക്റ്റഡ്' എന്ന് രേഖപ്പെടുത്താനാണ് പ്രധാന നിർദേശം. ഇതോടെ വാഹനത്തിന്റെ പുക പരിശോധന, രജിസ്ട്രേഷൻ പുതുക്കൽ, ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയ അപേക്ഷകൾ അധികൃതർ പരിഗണിക്കില്ല. കുടിശികയുള്ള മുഴുവൻ പിഴയും പൂർണമായി അടച്ചാൽ മാത്രമേ പിന്നീട് പോർട്ടലിലൂടെയുള്ള സേവനങ്ങൾ ലഭ്യമാകൂ.
പിഴ കുടിശികയുള്ള കാര്യം വാഹന ഉടമയ്ക്ക് ഇ-മെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴി അറിയിപ്പ് ലഭിക്കും. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനകം ട്രാഫിക് പിഴകൾ തീർപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കരട് വിജ്ഞാപനത്തിൽ നിർദേശിക്കുന്നുണ്ട്.
