തൃശ്ശൂർ കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വേഷം മാറിയെത്തി വയോധികയെ ആക്രമിച്ച് മാല കവരാൻ ശ്രമം. മോഷണശ്രമത്തിനിടെ വിഗ് ഊരിവീണതോടെ മോഷ്ടാവ് അയൽവാസിയായ യുവതിയാണെന്ന് തിരിച്ചറിഞ്ഞു. ചൂണ്ടൽ മേലെങ്കാവ് ചാണശ്ശേരി വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കമണിക്ക് (80) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയാണ് കവരാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
സെൻസസ് വിവരങ്ങൾ ശേഖരിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ യുവതി, ആദ്യം ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. പുറത്തെ ശുചിമുറിയിൽ പോയി വന്ന ശേഷം കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളമെടുക്കാനായി വയോധിക അടുക്കളയിലേക്ക് പോയ സമയം നോക്കി പിന്തുടർന്നെത്തിയ യുവതി, തങ്കമണിയുടെ തല ചുമരിലിടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിലെ മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.
ഈ സമയം തങ്കമണിയുടെ മകനും ഭാര്യയും ജോലിക്ക് പോയിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആക്രമണത്തിൽ പരിക്കേറ്റ് വീണ തങ്കമണി ബഹളം വെക്കുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്തു. പിടിവലിക്കിടെ മാലയുടെ പകുതി ഭാഗം മാത്രമാണ് മോഷ്ടാവിന് ലഭിച്ചത്. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി യുവതിയെ തടയാൻ ശ്രമിച്ചു.
ഇതിനിടയിലുണ്ടായ പിടിവലിയിലാണ് യുവതി തലയിൽ ധരിച്ചിരുന്ന വിഗ് താഴെ വീണത്. വിഗ് മാറിയതോടെയാണ് വേഷം മാറിയെത്തിയത് അയൽവാസിയും തയ്യൽ തൊഴിലാളിയുമായ യുവതിയാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്. എന്നാൽ വയോധികയെ രക്ഷിക്കുന്നതിനിടെ ശ്രദ്ധതിരിഞ്ഞ സമയം നോക്കി യുവതി സ്ഥലത്തുനിന്ന് കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കമണിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ തലയിൽ ആറ് തുന്നലുകളുണ്ട്. സംഭവത്തിന് ശേഷം പ്രതിയായ യുവതി തങ്കമണിയുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ക്ഷമാപണം നടത്തുകയും കേസിന് പോകരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായി വീട്ടുകാർ വ്യക്തമാക്കി. സംഭവത്തിൽ വിവരമറിഞ്ഞ കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണവും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്.
