തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ (കെ.ടി.ഡി.സി) പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്.
ഗൂഗിളിൽ കെ.ടി.ഡി.സി സ്റ്റേ, കെ.ടി.ഡി.സി ഹോട്ടൽസ്, കെ.ടി.ഡി.സി ബുക്കിംഗ് തുടങ്ങിയ വാക്കുകൾ സെർച്ച് ചെയ്യുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്.
ഔദ്യോഗിക വെബ്‌സൈറ്റുമായി ഏറെ സാമ്യമുള്ള രീതിയിലാണ് വ്യാജ വെബ്സൈറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റൂം ബുക്കിംഗിനായി പേയ്‌മെന്റ് നടത്തുന്ന വേളയിൽ കാർഡ് വിവരങ്ങളും ലഭിക്കുന്ന ഒ.ടി.പിയും നൽകുന്നതോടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടും. തട്ടിപ്പ് പുറത്തറിയാതിരിക്കാൻ വ്യാജ ബുക്കിംഗ് രസീതുകൾ നൽകാനും ഇവർ ശ്രദ്ധിക്കുന്നുണ്ട്.
ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ആദ്യം കാണുന്ന ലിങ്കുകളും സ്പോൺസേഡ് പരസ്യങ്ങളും ഔദ്യോഗികമാകണമെന്നില്ലെന്നും അതിനാൽ യു.ആർ.എൽ (URL) സൂക്ഷ്മമായി പരിശോധിക്കണമെന്നും പോലീസ് നിർദേശിക്കുന്നു.
അക്ഷര വ്യത്യാസങ്ങളോ സംശയങ്ങളോ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം പണമിടപാടുകൾ നടത്തുക. കെ.ടി.ഡി.സി-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി മാത്രം ബുക്കിംഗ് നടത്താനും ബാങ്കിംഗ് വിവരങ്ങൾ അപരിചിതമായ സൈറ്റുകളിൽ കൈമാറരുതെന്നും നിർദേശമുണ്ട്.
സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി നൽകാവുന്നതാണ്.
