കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനിയായ യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ച ശേഷം ആശുപത്രി പരിസരത്തുനിന്ന് മുങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി.
കുഞ്ഞിനെ ഏൽപ്പിച്ച സ്ത്രീ വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് വനിതാ പോലീസിന്റെ സംരക്ഷണയിൽ കുഞ്ഞിനെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.
കുഞ്ഞിനെ സ്റ്റേഷനിലെത്തിച്ച സ്ത്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ കേസെടുത്ത മെഡിക്കൽ കോളേജ് പോലീസ്, മാതാവിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
