ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ സാമ്പത്തിക കാര്യനിർവഹണത്തിലും ഓഡിറ്റിംഗിലും ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി ഹൈക്കോടതി.
ക്ഷേത്രത്തില്‍ ഭക്തർ വഴിപാടായി സമർപ്പിച്ച വിലപിടിപ്പുള്ള വസ്തുക്കളുടെ ഭൗതിക പരിശോധന കഴിഞ്ഞ 43 വർഷമായി നടത്തിയിട്ടില്ലെന്ന വിവരമടക്കം പുറത്തു വന്നതിന് പിന്നാലെയാണ് കോടതിയുടെ വിമർശനം.
ഓണ്‍ലൈൻ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും രേഖകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം അധികൃതർ കടുത്ത അനാസ്ഥ കാട്ടിയതായി ഹൈക്കോടതി നിരീക്ഷിച്ചു.
ഭക്തർ സമർപ്പിച്ച സ്വർണം, വെള്ളിപ്പാത്രങ്ങള്‍, കുങ്കുമം തുടങ്ങിയവയുടെ കണക്കുകള്‍ രജിസ്റ്ററുകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓഡിറ്റിംഗിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാൻ ദേവസ്വം അധികൃതർ വിസമ്മതിച്ചതായി ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. ഇതിനു പുറമേ, 2011-12 മുതല്‍ 2019-20 വരെയുള്ള സാമ്പത്തിക വർഷങ്ങളില്‍ മാത്രം 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകള്‍ നിലവിലുണ്ടെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നല്‍കി.
നിലവിലെ ഓഡിറ്റിന്റെ പുരോഗതി സംബന്ധിച്ച് നേരിട്ട് വിശദീകരണം നല്‍കുന്നതിനായി സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നാളെ കോടതിയില്‍ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിന്റെ സാമ്പത്തിക ഭരണ നിർവ്വഹണത്തില്‍ വരുന്ന വീഴ്ചകള്‍ ഗൗരവത്തോടെ കാണുന്നതായും വിഷയം തുടർ നിരീക്ഷണത്തിലായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
