Zygo-Ad

പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു: കസ്റ്റഡി മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നെന്ന് ആരോപണവുമായി കുടുംബം


കൊല്ലം: പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികില്‍സയിലിരിക്കെ മരിച്ചു. കൊല്ലം കുണ്ടറയിലാണ് സംഭവം. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

മരണത്തിനു പിന്നാലെ കുണ്ടറ പോലിസിനെതിരേ ഗുരുതര ആരോപണവുമായി സിയാദിന്റെ കുടുംബം രംഗത്തെത്തി. പൊലീസ് മര്‍ദ്ദനത്തില്‍ സിയാദിന്റെ വാരിയെല്ല് പൊട്ടിയതായാണ് കുടുംബം ആരോപിക്കുന്നത്. കുണ്ടറ സ്റ്റേഷനിലെ എസ്‌ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം.

ജൂണ്‍ 16 ന് രാത്രിയാണ് ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച്‌ സിയാദിനെ പോലിസ് പിടിച്ചു കൊണ്ടുപോകുന്നത്.

സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ സിയാദിന്‍റെ മുതുകത്ത് ഇടിച്ചെന്നും വാരിയെല്ല് പൊട്ടിയെന്നും കുടുംബം ആരോപിച്ചു. 13 കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിലാണ് അയല്‍വാസിയായ സിയാദിനെ കസ്റ്റഡിയില്‍ എടുത്തത്.

സിയാദിനെ വിട്ടു കിട്ടാന്‍ ഭാര്യയും മകളും പിറ്റേ ദിവസം, പോലിസ് സ്റ്റേഷനില്‍ ചെന്നു. അന്ന് മുഴുവന്‍ സമയവും കുടുംബം അവിടെ നിന്നിട്ടാണ് സിയാദിനെ പോലിസ് വിട്ടതെന്ന് അവര്‍ പറയുന്നു. സിയാദിന്റെ വാരിയെല്ലിന് പരിക്കുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി ഭാര്യ വ്യക്തമാക്കി.

പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്റ്റേഷനില്‍ വെച്ച്‌ പൊലീസുകാരുടെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. 

കസ്റ്റഡിയിലെടുത്ത സമയം സിയാദ് തന്‍റെ ഭാര്യയെ വിളിച്ച്‌ പൊലീസ് മർദിക്കുന്നെന്നും ഉടൻ എത്തണമെന്നും വിളിച്ചറിയിച്ചിരുന്നു. 

പൊലീസിന്‍റെ ക്രൂരമായ മർദനവും പരിക്കുകളും കാരണം അവശനായ സിയാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ