Zygo-Ad

കേരളത്തിലേക്കുള്ള നിര്‍മാണ സാമഗ്രികളായ കരിങ്കല്ല്, എം സാൻഡ്, മെറ്റല്‍ ജെല്ലി കയറ്റുമതിക്ക് നിയന്ത്രണവുമായി തമിഴ്നാട്


ചെന്നൈ: കരിങ്കല്ല്, എം സാൻഡ്, മെറ്റല്‍ ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിച്ച്‌ തമിഴ്നാട് സർക്കാർ.

സംസ്ഥാനത്ത് ഇവയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് അസാധാരണ നടപടി.

കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലെ നിർമാണ മേഖലകളെ തീരുമാനം ബാധിക്കുമെന്നാണ് ആശങ്ക. നിർമാണ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറയാനും പദ്ധതികള്‍ വൈകാനും സാധ്യതയുണ്ടെന്ന് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

ഇതുമായി ബന്ധപ്പെട്ട് ജിയോളജി ഡയറക്ടർക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ട് തമിഴ്നാട് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച്‌ മറ്റൊരു സംസ്ഥാനത്തേക്ക് നിർമാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ജിയോളജി ഡയറക്ടർക്ക് സാധിക്കും.

തമിഴ്നാട്ടില്‍ അനധികൃത ഖനനം വ്യാപകമാണെന്നും അത് നിയന്ത്രിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 സംസ്ഥാനത്തെ നിർമാണ ആവശ്യങ്ങള്‍ നിറവേറ്റിയ ശേഷമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് സാമഗ്രികള്‍ അനുവദിക്കൂ എന്നാണ് സർക്കാർ നിലപാട്.

നിയന്ത്രണ നടപടികള്‍ വരും ദിവസങ്ങളില്‍ നടപ്പാക്കാനാണ് തീരുമാനം. തമിഴ്നാട് സർക്കാരിന്റെ നീക്കം കേരളത്തിലെ നിർമാണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും നിർമാണ പ്രവർത്തനങ്ങള്‍ വൈകാൻ ഇടയാക്കുമെന്നും ഐഎൻടിയുസി നേതാവ് ഷഹനാസ് പ്രതികരിച്ചു.

വളരെ പുതിയ വളരെ പഴയ