Zygo-Ad

ഫിഫ ലോക റാങ്കിങ്ങിലെ ആദ്യ നാല് ടീമുകൾ സെമി ഫൈനലിൽ; ലോകകപ്പ് ചരിത്രത്തിൽ ഇത് ആദ്യം


 ഫുട്ബാൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ ലോക റാങ്കിങ്ങിൽ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടുന്നു. സ്പെയിൻ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഈ ചരിത്ര നേട്ടത്തോടെ ലോകകപ്പിന്റെ അവസാന നാലിൽ ഇടംപിടിച്ചത്. സെമി ഫൈനലിന് മുൻപ് റാങ്കിങ്ങിൽ മുന്നിലുള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടാതിരിക്കാൻ നറുക്കെടുപ്പ് സമയത്ത് ഇവരെ വ്യത്യസ്ത ക്വാഡ്രന്റുകളിൽ ഉൾപ്പെടുത്തിയ ഫിഫയുടെ പുതിയ പരിഷ്കാരമാണ് ഇതിന് വഴിയൊരുക്കിയത്. നാലു ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടന്നതോടെ ഈ നീക്കം പൂർണ്ണമായി ലക്ഷ്യം കണ്ടു.

ചൊവ്വാഴ്ച രാത്രി നടക്കുന്ന ആദ്യ സെമിയിൽ ഫ്രാൻസ് സ്പെയിനുമായും, ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും. നിലവിലെ ഫിഫ റാങ്കിങ്ങിൽ ഫ്രാൻസ് ഒന്നാമതും, അർജന്റീന രണ്ടാമതും, സ്പെയിൻ മൂന്നാമതും, ഇംഗ്ലണ്ട് നാലാമതുമാണ്. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0ന് തോൽപിച്ചാണ് ഫ്രാൻസ് സെമിയിലെത്തിയത്. ബെൽജിയത്തെ 2-1ന് പരാജയപ്പെടുത്തിയാണ് സ്പെയിനിന്റെ സെമി പ്രവേശനം. അധിക സമയത്തേക്ക് നീണ്ട ത്രില്ലർ പോരിൽ നോർവെയെ 2-1 ന് മറികടന്നാണ് ഇംഗ്ലണ്ട് എത്തിയത്. സ്വിറ്റ്സർലൻഡിന്റെ പോരാട്ടവീര്യത്തെ മറികടന്നാണ് അർജന്റീന അവസാന നാലിൽ ഇടംപിടിച്ചത്.

റാങ്കിങ്ങിലെ ആദ്യ നാല് കരുത്തരും നേർക്കുനേർ വരുന്നതോടെ ലോകകപ്പ് കിരീടത്തിനായുള്ള പോരാട്ടം ഇനി കനക്കും. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിലെത്തിയ ടീമുകളാണ് ഫ്രാൻസും അർജന്റീനയും. യൂറോപ്യൻ ചാമ്പ്യന്മാരെന്ന തിളക്കത്തിലാണ് സ്പെയിൻ ഇറങ്ങുന്നതെങ്കിൽ, 1966ന് ശേഷമുള്ള തങ്ങളുടെ ആദ്യ വിശ്വകിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

 

വളരെ പുതിയ വളരെ പഴയ