നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ പോത്തുണ്ടി തിരുത്തംപാടം സ്വദേശി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജഡ്ജി, എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ കോടതിയെ വെല്ലുവിളിക്കുന്ന രീതിയിലാണ് പ്രതി പ്രതികരിച്ചത്. തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്നും, ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിട് കാണിച്ച് കൊടുക്കാന്‍ താന്‍ ഗാന്ധിജി അല്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു. വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലുമെന്നും തനിക്ക് തടസ്സം നിൽക്കുന്നവരോടുള്ള പെരുമാറ്റം ഇങ്ങനെയായിരിക്കുമെന്നും പ്രതി കൂട്ടിച്ചേർത്തു. പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന സൈക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് ഉള്ളതായി കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷാവിധി പ്രസ്താവിക്കുന്നത് കോടതി ബുധനാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു.
നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഒന്നരവർഷത്തിന് ശേഷം ഇപ്പോൾ കോടതി കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. സുധാകരന്റെ ഭാര്യ സജിതയെ മുൻപ് വെട്ടിക്കൊലപ്പെടുത്തിയ കേസിലും ഇതേ കോടതി പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയതിന് ശേഷമാണ് പ്രതി കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി ക്രൂരമായി കൊലപ്പെടുത്തിയത്.
