സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ കെഎസ്ആർടിസി ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താൻ അധികൃതർ നടപടി ആരംഭിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 1000 ബസുകളിൽ പാനിക് ബട്ടണുകളും സാറ്റലൈറ്റ് അധിഷ്ഠിത തത്സമയ ട്രാക്കിംഗ് സംവിധാനവും സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് കൺട്രോൾ റൂമുമായും സുരക്ഷാ ഏജൻസികളുമായും ഉടനടി ബന്ധപ്പെടാൻ സഹായിക്കുന്നതാണ് ഈ വെഹിക്കിൾ ട്രാക്കിംഗ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം.
ഇതിനായി എഐഎസ്-140 നിലവാരമുള്ള ട്രാക്കിംഗ് ഉപകരണങ്ങളാണ് ബസുകളിൽ ഉപയോഗിക്കുന്നത്. സാറ്റലൈറ്റ് ട്രാക്കിംഗ് വഴി ഉൾനാടൻ ഗ്രാമീണ സർവീസുകളിൽ പോലും ബസിന്റെ കൃത്യമായ സ്ഥാനവും വേഗതയും തത്സമയം നിരീക്ഷിക്കാൻ സാധിക്കും. ബസിനുള്ളിലെ തൂണുകളിൽ രണ്ട് മീറ്റർ ഇടവിട്ടാണ് പാനിക് ബട്ടണുകൾ സ്ഥാപിക്കുക. കൂടാതെ ഡ്രൈവറുടെ സീറ്റിന് സമീപവും സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന ഓരോ സീറ്റിന്റെ നിരയിലും പ്രത്യേക അലർട്ട് ബട്ടണുകൾ ഉണ്ടാകും. ഇരുട്ടിലും യാത്രക്കാർക്ക് എളുപ്പത്തിൽ കണ്ടെത്താനാകുന്നതിനായി ഓരോ ബട്ടണിലും എൽഇഡി ഇൻഡിക്കേറ്ററും നൽകും.
യാത്രക്കാർ പാനിക് ബട്ടൺ അമർത്തിയാൽ മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാ മിത്ര പോർട്ടലിലേക്കും കെഎസ്ആർടിസിയുടെ ഫ്ലീറ്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്കും ഒരേസമയം അടിയന്തര സന്ദേശം എത്തും. ബസിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ട്രാക്കർ വഴി ഓരോ അഞ്ച് സെക്കൻഡിലും ബസിന്റെ വിവരങ്ങൾ കെഎസ്ആർടിസിയുടെ കണ്ട്രോൾ സെൻട്രലിൽ ലഭ്യമാകും. ഇതിലൂടെ ഉദ്യോഗസ്ഥർക്ക് ബസിന്റെ വേഗതയും യാത്രാ ദിശയും നിരീക്ഷിക്കാനും, കണ്ടക്ടറുമായി നേരിട്ട് ബന്ധപ്പെടാനും, അടിയന്തര സാഹചര്യങ്ങളിൽ ഉടൻ തന്നെ സഹായസംഘത്തെയോ പകരം ഗതാഗത സൗകര്യമോ എത്തിക്കാനും സാധിക്കും.
