സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. മുൻപ് അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഓൺലൈനായി അപേക്ഷകൾ നൽകാവുന്നതാണ്.
നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങൾ രാവിലെ ഒമ്പത് മണിയോടെ hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും, മുഖ്യ ഘട്ടങ്ങളിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്നവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.
തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയത് കാരണം അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് തങ്ങളുടെ അപേക്ഷകൾ പുതുക്കി സമർപ്പിക്കാൻ അവസരമുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകളും ഇതോടൊപ്പം നൽകാം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ admission.vhseportal.kerala.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
