Zygo-Ad

വിദ്യാർത്ഥി യാത്രാ കൺസെഷൻ പ്രായപരിധി 27 വയസ്സായി ഉയർത്തി; പുതിയ ചട്ടങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

 


തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ സംബന്ധിച്ച ചട്ടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് സുപ്രധാന ഭേദഗതികൾ വരുത്തി. കൺസെഷൻ ലഭിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 27 വയസ്സായി ഉയർത്തിയതാണ് ഇതിൽ പ്രധാനം. ഇതോടൊപ്പം കൺസെഷൻ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന ദൂരം 40 കിലോമീറ്ററായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം രാവിലെ ആറു മണി മുതൽ വൈകിട്ട് ഏഴു മണി വരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാം. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. അതേസമയം ക്രാഷ് കോഴ്‌സ് ചെയ്യുന്നവർക്കും പാർട്ട് ടൈം കോഴ്‌സുകളിൽ പഠിക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥി കൺസെഷൻ ഇനി മുതൽ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമായിരിക്കും അനുവദിക്കുക. യാത്രാ ആനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ എംവിഡി ലീഡ്സ് (MVD Leads) ആപ്പ് വഴി അപേക്ഷ സമർപ്പിക്കണം. പദ്ധതിയുടെ ആദ്യഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ച് ആപ്പിൽ അംഗീകാരം നൽകും. ഇതിനുശേഷമാണ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷ ലഭിക്കുന്നതോടെ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ആപ്പ് വഴി അറിയിപ്പ് ലഭിക്കും. അപേക്ഷകൻ സ്ഥാപനത്തിലെ വിദ്യാർത്ഥി തന്നെയെന്ന് അധികൃതർ സ്ഥിരീകരിച്ച ശേഷമായിരിക്കും കൺസെഷൻ കാർഡുകൾ അനുവദിക്കുക.

സ്വകാര്യ ബസ്സുകളിലെ വിദ്യാർത്ഥി കൺസെഷനെച്ചൊല്ലിയുള്ള തർക്കങ്ങളും നിരന്തര പരാതികളും പരിഗണിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഈ പുതിയ ഓൺലൈൻ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ