ദില്ലി: രാജ്യത്തെ പാചകവാതക വിതരണ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് എൽപിജി സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക് എത്തും. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച് പി സി എൽ) സ്വിഗ്ഗി ഇതുസംബന്ധിച്ച് ഔദ്യോഗികമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. ഇ കൊമേഴ്സ് ആപ്പ് വഴി രാജ്യത്ത് ആദ്യമായാണ് എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്.
എച്ച്പിസിഎൽ പുതുതായി വിപണിയിലെത്തിച്ചിട്ടുള്ള, ഭാരം കുറഞ്ഞ 10 കിലോഗ്രാം എൽപിജി കോമ്പോസിറ്റ് സിലിണ്ടറുകളായ 'എച്ച്പി നവ്യ' ആണ് ഇൻസ്റ്റാമാർട്ട് വഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. ഇതിന് പുറമെ 5 കിലോഗ്രാമിന്റെ എൽപിജി സിലിണ്ടറുകളും ആപ്പിലൂടെ ഓർഡർ ചെയ്യാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാകുക.
നിലവിൽ ഗാർഹിക എൽപിജി കണക്ഷൻ ഇല്ലാത്തവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പഠനത്തിനോ ജോലിക്കോ വേണ്ടി മാറിത്താമസിക്കുന്ന വിദ്യാർത്ഥികൾ, ഐടി ജീവനക്കാർ, ചെറുകിട കുടുംബങ്ങൾ എന്നിവർക്ക് ഇത് വലിയ തോതിൽ ആശ്വാസമേകും. ഒരു ഫ്ലെക്സിബിൾ ഓപ്ഷനായിട്ടാണ് എച്ച്‌പിസിഎൽ ഈ സേവനത്തെ അവതരിപ്പിക്കുന്നത്.
ഉപഭോക്താക്കൾക്ക് ഇൻസ്റ്റാമാർട്ട് ആപ്പ് തുറന്ന് വളരെ എളുപ്പത്തിൽ സിലിണ്ടർ ഓർഡർ ചെയ്യാം. ആദ്യമായി വാങ്ങുന്നവർക്ക് പുതിയ കണക്ഷൻ എടുക്കുന്നതുപോലെ സിലിണ്ടർ പർച്ചേസ് ചെയ്യാം. തുടർന്ന് റീഫിൽ ചെയ്യുമ്പോൾ ഡെലിവറി സമയത്ത് ഒഴിഞ്ഞ സിലിണ്ടർ തിരികെ നൽകിയാൽ മതിയാകും. എച്ച്പിസിഎല്ലിന്റെ അംഗീകൃത ഡിസ്ട്രിബ്യൂട്ടർ ശൃംഖല വഴി കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിതരണം. പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും സിലിണ്ടറുകൾ സുരക്ഷിതമായി വീടുകളിൽ എത്തിക്കുക. ആദ്യത്തെ ഓർഡർ സമയത്ത് ഉപഭോക്താവിന്റെ തിരിച്ചറിയൽ രേഖാ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
പലചരക്ക് സാധനങ്ങൾക്കുമപ്പുറം ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ഇൻസ്റ്റാമാർട്ട് വളർന്നു കഴിഞ്ഞുവെന്നും എച്ച്പിസിഎല്ലുമായി സഹകരിക്കുന്നതിലൂടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ട് എൽപിജി വിതരണം ലളിതമാക്കുകയാണെന്നും ഇൻസ്റ്റാമാർട്ട് സിഇഒ അമിതേഷ് ഝാ പറഞ്ഞു. ഇൻസ്റ്റാമാർട്ട് പോലുള്ള വേഗതയേറിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന് എച്ച്പിസിഎൽ ഡയറക്ടർ (മാർക്കറ്റിംഗ്) അമിത് ഗാർഗ് പ്രതികരിച്ചു. അതേസമയം, സിലിണ്ടറുകളുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.
.jpg)