Zygo-Ad

ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ കിരീടപ്പോരാട്ടത്തിൽ :സ്പെയിൻ എതിരാളികൾ

 


ലോകകപ്പ് സെമിഫൈനലിൽ ശക്തരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ 85 മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന ആധികാരിക വിജയം സ്വന്തമാക്കിയത്. എൻസോ ഫെർണാണ്ടസ്, ലൗതരോ മാർട്ടിനസ് എന്നിവരാണ് അർജന്റീനയ്ക്കായി വലകുലുക്കിയത്. കലാശപ്പോരാട്ടത്തിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ.

അറ്റ്ലാന്റയിൽ നടന്ന ആവേശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച കളി പുറത്തെടുത്തുവെങ്കിലും ഗോളുകളൊന്നും പിറന്നിരുന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്സിന്റെ പാസിൽ നിന്നും ആന്തണി ഗോർഡൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. തുടർന്ന് പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇംഗ്ലണ്ടിനെതിരെ അർജന്റീന നിരന്തരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. നായകൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിലായിരുന്നു അർജന്റീനയുടെ നീക്കങ്ങൾ.

മത്സരത്തിന്റെ 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് തൊടുത്ത ലോങ് റേഞ്ചർ ഇംഗ്ലീഷ് വലയിൽ പതിച്ചതോടെ അർജന്റീന സമനില പിടിച്ചു. തുടർന്ന് മത്സരത്തിന്റെ അധിക സമയത്ത് ഒൻപത്തിയൊന്നാം മിനിറ്റിൽ മെസ്സി നൽകിയ മനോഹരമായ പാസ് പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാർട്ടിനസ് ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചതോടെ അർജന്റീന അവിശ്വസനീയ വിജയം ഉറപ്പിച്ചു. കളിയുടെ പന്തടക്കത്തിലും ഷോട്ടുകളിലും പാസുകളിലുമെല്ലാം അർജന്റീനയാണ് മുന്നിട്ടുനിന്നത്. 64 ശതമാനം പന്തടക്കത്തോടെ കളി പൂർണ്ണമായും നിയന്ത്രിക്കാൻ അവർക്ക് സാധിച്ചു.

ചരിത്രത്തിൽ ആറാം തവണയാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. പങ്കെടുത്ത അഞ്ച് ഫൈനലുകളിൽ മൂന്ന് തവണ കിരീടം നേടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ സെമിഫൈനലിൽ തോറ്റിട്ടില്ലെന്ന അപൂർവ്വ റെക്കോർഡും ഇതോടെ അർജന്റീന നിലനിർത്തി. കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഫൈനലിന് ഇറങ്ങുന്ന അർജന്റീനയ്ക്ക് സ്പെയിൻ ഉയർത്തുന്ന വെല്ലുവിളി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

വളരെ പുതിയ വളരെ പഴയ