Zygo-Ad

രാജ്യത്ത് എംബിബിഎസ് സീറ്റുകളിൽ റെക്കോർഡ് വർധന; 9,911 സീറ്റുകൾ കൂടി അനുവദിച്ച് എൻഎംസി, കേരളത്തിലെ സീറ്റ് വിവരങ്ങൾ അറിയാം

 


ന്യൂഡൽഹി: പുതിയ അധ്യയന വർഷത്തിലേക്ക് കടക്കാനിരിക്കെ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്ക് വലിയ ആശ്വാസമേകി നാഷണൽ മെഡിക്കൽ കമ്മീഷൻ. 2026-27 അധ്യയന വർഷത്തേക്ക് രാജ്യത്തുടനീളം 9,911 പുതിയ എംബിബിഎസ് സീറ്റുകൾക്ക് കൂടി കമ്മീഷൻ അംഗീകാരം നൽകി. ഇതോടെ രാജ്യത്തെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 1,36,939 ആയി ഉയർന്നു. മെഡിക്കൽ പ്രവേശന പരീക്ഷാഫലം (നീറ്റ്-യുജി) ഏതാനും ദിവസങ്ങൾക്കകം വരാനിരിക്കെയാണ് എൻഎംസി സീറ്റ് വിവരങ്ങൾ പുറത്തുവിട്ടത്.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജിപ്മെർ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ സീറ്റുകൾ ഒഴിവാക്കിയുള്ള കണക്കാണിത്. മെഡിക്കൽ അസ്സസ്‌മെന്റ് ആൻഡ് റേറ്റിങ് ബോർഡ് പുറത്തുവിട്ട അന്തിമ സീറ്റ് മെട്രിക്‌സ് പ്രകാരം, രാജ്യത്തെ 823 മെഡിക്കൽ കോളേജുകളിലായിട്ടാണ് ഇത്രയും സീറ്റുകൾ ലഭ്യമാകുക. രാജ്യത്ത് ഏറ്റവും കൂടുതൽ എംബിബിഎസ് സീറ്റുകളുള്ള സംസ്ഥാനമായി കർണാടക മാറി (15,395 സീറ്റുകൾ). ഉത്തർപ്രദേശ് (14,000 സീറ്റുകൾ), തമിഴ്‌നാട് (13,999 സീറ്റുകൾ), മഹാരാഷ്ട്ര (13,099 സീറ്റുകൾ) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ.

സീറ്റുകളുടെ വിഭജനം ഇങ്ങനെയാണ്:

ആകെ സീറ്റുകൾ: 1,36,939 (കഴിഞ്ഞ വർഷം പുതുക്കിയ 1,27,028 സീറ്റുകളും പുതുതായി അനുവദിച്ച 9,911 സീറ്റുകളും ഉൾപ്പെടെ).

സർക്കാർ മേഖലയിൽ: 441 സർക്കാർ മെഡിക്കൽ കോളജുകളിലായി 63,296 സീറ്റുകൾ (ഇതിൽ 2,111 സീറ്റുകൾ പുതിയതായി അനുവദിച്ചതാണ്).

സ്വകാര്യ മേഖലയിൽ: 382 സ്വകാര്യ മെഡിക്കൽ കോളജുകളിലായി 73,643 സീറ്റുകൾ (ഇതിൽ 7,800 സീറ്റുകൾ ഈ വർഷം പുതിയതായി ചേർത്തതാണ്).

പുതിയ കോളജുകൾ: ഈ വർഷം പുതുതായി അനുമതി ലഭിച്ച 25 മെഡിക്കൽ കോളജുകൾ വഴി (7 സർക്കാർ കോളജുകളും 18 സ്വകാര്യ കോളജുകളും) 2,400 സീറ്റുകൾ ലഭ്യമാകും.

കേരളത്തിലെ സീറ്റ് വിവരങ്ങൾ:

കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർഥികൾക്കും ഈ സീറ്റ് വർധന വലിയ പ്രതീക്ഷ നൽകുന്നതാണ്. എൻഎംസിയുടെ ഔദ്യോഗിക മെട്രിക്‌സ് പ്രകാരം കേരളത്തിൽ ഈ വർഷം ലഭ്യമായ ആകെ എംബിബിഎസ് സീറ്റുകൾ താഴെ പറയുന്ന പ്രകാരമാണ്:

ആകെ സീറ്റുകൾ: 5,704

സർക്കാർ മേഖലയിൽ: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലായി 1,855 സീറ്റുകൾ ലഭ്യമാകും.

സ്വകാര്യ മേഖലയിൽ: സ്വകാര്യ അല്ലെങ്കിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലായി 3,849 സീറ്റുകൾ ഉണ്ടാകും.

കേരള എൻട്രൻസ് കമ്മീഷണറേറ്റ് (സിഇഇ) വഴിയുള്ള സംസ്ഥാന കോട്ടാ കൗൺസിലിങ്ങും അതോടൊപ്പം ഓൾ ഇന്ത്യ കോട്ടാ കൗൺസിലിങ്ങും ഔദ്യോഗിക സീറ്റ് മാട്രിക്‌സിന്റെ അടിസ്ഥാനത്തിലായിരിക്കും നടക്കുക.

സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് പുതിയ സീറ്റുകളുടെ അനുമതി ലഭിക്കുന്നതിനായി ബാങ്ക് ഗ്യാരണ്ടി സമർപ്പിക്കാൻ എൻഎംസി ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ കൗൺസിലിങ് നടപടികളിലേക്ക് രാജ്യം ഔദ്യോഗികമായി കടക്കും. കൂടുതൽ സീറ്റുകൾ ലഭ്യമായതോടെ ഇത്തവണ കട്ട്-ഓഫ് മാർക്കുകളിൽ നേരിയ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ വിദ്യാർഥികൾ.

 

വളരെ പുതിയ വളരെ പഴയ