കോട്ടയം: കോട്ടയം തീക്കോയിയില്‍ ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം നടന്നുവെന്ന് പരാതി. അസം സ്വദേശിയായ 22കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസ്. വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് അസം സ്വദേശിനി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വാഗമണ്ണിന് അടുത്ത തീക്കോയ് കേന്ദ്രീകരിച്ചു കുട്ടികളെ വില്‍ക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നു എന്നാണ് യുവതിയുടെ പരാതി.
സ്വന്തം വീട്ടുകാർ ഗർഭചിദ്രത്തിന് നിർബന്ധിച്ചത്തോടെയാണ് അസം സ്വദേശിയായ 22കാരി നാട് വിട്ടത്. തുടർന്ന് അമ്മയെയും കുട്ടിയേയും സംരക്ഷിക്കുന്ന ഇടങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തെരഞ്ഞു. അങ്ങനെയാണ് തീക്കോയില്‍ അർഷിവ് കെയർ എന്ന സ്ഥാപനത്തെ പറ്റി അറിയുന്നത്.
പിന്നീട് യുവതി അർഷിവ് കെയറുമായി ബന്ധപ്പെട്ടു. തുടർന്ന് കാർത്തിക് എന്ന് പരിചയപ്പെടുത്തിയ ആള്‍ കോട്ടയത്തേക്ക് വരാനുള്ള ട്രെയിൻ ടിക്കറ്റും പണവും അയച്ചു നല്‍കിയെന്ന് യുവതി പറയുന്നു. 10 ദിവസം മുൻപ് യുവതി തീക്കോയില്‍ എത്തി.
സ്ഥാപനത്തില്‍ എത്തിയതിന് ശേഷം ഒരാള്‍ കുഞ്ഞിനെ തന്നാല്‍ മൂന്ന് ലക്ഷം രൂപ നല്‍കാം എന്ന് പറഞ്ഞു എന്നാണ് 22കാരിയായ യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
കുഞ്ഞിന് വിലയിട്ടപ്പോള്‍ ആണ് തട്ടിപ്പ് നടക്കുന്നതെന്നു യുവതിക്ക് മനസ്സിലായത്. തുടർന്ന് അവിടെ നിന്ന് രക്ഷേപ്പെട്ടോടി കോട്ടയത്തുള്ള സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റില്‍ അഭയം തേടി.
ട്രസ്റ്റ് വഴിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പ്രതിയുടെ അടിസ്ഥാനത്തില്‍ തീക്കോയില്‍ നിന്ന് രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തമിഴ്നാട് സ്വദേശി രാജ, വാഗമണ്‍ സ്വദേശി അർജുൻ എന്നിവരാണ് അറസ്റ്റില്‍ ആയത്. യുവതിയെ അന്യായമായി തടവില്‍ പാർപ്പിച്ചു, മർദിച്ചു തുടങ്ങിയ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. യുവതി പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്. വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരും യുവതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
