Zygo-Ad

257 നിരപരാധികളുടെ ജീവനെടുത്ത മുംബൈ സ്ഫോടനം: മുഖ്യസൂത്രധാരരിൽ ഒരാളായ ടൈഗര്‍ മേമന്റെ ഓഫീസും ഫ്ലാറ്റുകളും ലേലം ചെയ്തു; 33 വര്‍ഷങ്ങള്‍ക്ക് ശേഷം നടപടി


മുംബൈ: 1993-ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ടൈഗർ മേമനുമായി ബന്ധപ്പെട്ട മൂന്ന് സ്വത്തുക്കള്‍ 33 വർഷങ്ങള്‍ക്ക് ശേഷം സർക്കാർ ലേലം ചെയ്തു.

മഹിമിലുള്ള ഓഫിസും മഹിം, ബാന്ദ്ര എന്നിവിടങ്ങളിലെ രണ്ട് ഫ്ലാറ്റുകളുമാണ് ചൊവ്വാഴ്ച ലേലത്തിന് വച്ചത്. നിരവധി പേർ ലേലത്തില്‍ പങ്കെടുത്തെങ്കിലും ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

 കോംപിറ്റന്റ് അതോറിറ്റിയുടെയും അഡ്മിനിസ്ട്രേറ്ററുടെയും മേല്‍നോട്ടത്തിലായിരുന്നു ലേലം. കള്ളക്കടത്തുകാരുടെയും വിദേശ നാണ്യ നിയമ ലംഘകരുടെയും സ്വത്ത് കണ്ടുകെട്ടല്‍ നിയമമായ സഫേമ 1976 പ്രകാരമാണ് നടപടി.

ലേലത്തിന് വച്ച സ്വത്തുക്കളില്‍ മഹിമിലെ അല്‍-ഹുസൈനി കെട്ടിടത്തിലെ 751 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റും ഗാരേജും, 550 ചതുരശ്ര അടി വിസ്തീർണമുള്ള ടിജാറത്ത് ഇന്റർനാഷണല്‍ ഓഫിസും, ബാന്ദ്രയിലുള്ള (പടിഞ്ഞാറ്) 970 ചതുരശ്ര അടി ഫ്ലാറ്റും ഉള്‍പ്പെടുന്നു.

 മഹിമിലെ ഫ്ലാറ്റിന് 1.9 കോടി, ഓഫിസിന് 2.05 കോടി, ബാന്ദ്രയിലെ ഫ്ലാറ്റിന് 5.2 കോടി എന്നിങ്ങനെയായിരുന്നു അടിസ്ഥാന വില.

1993 മാർച്ച്‌ 12-ന് മുംബൈയില്‍ നടന്ന 1 ബോംബ് സ്ഫോടനങ്ങളില്‍ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 ഏകദേശം 30 കോടിയുടെ സ്വത്തിനാശവും ഉണ്ടായി. ബാബരി തർക്ക മന്ദിരം തകർത്തതിന് പ്രതികാരമായാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

 1992-93 ലെ വർഗീയ കലാപത്തിനിടെ തന്റെ സ്വത്തുക്കള്‍ക്ക് സംഭവിച്ച നാശനഷ്ടവും ടൈഗർ മേമനെ പ്രതികാരത്തിലേക്ക് നയിച്ച ഘടകമായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തല്‍.

മധ്യവർഗ കുടുംബത്തില്‍ ജനിച്ച മുസ്താഖ് അബ്ദുല്‍ റസാഖ് നദീം മേമൻ എന്ന ടൈഗർ മേമൻ ആദ്യം ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. പിന്നീട് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധം സ്ഥാപിച്ച മേമൻ കള്ളക്കടത്തിലൂടെ അധോലോകത്ത് സ്വാധീനം നേടി.

ടൈഗർ മേമന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള ഏകദേശം 17 സ്ഥാവര സ്വത്തുക്കള്‍ സർക്കാർ നേരത്തെ കണ്ടുകെട്ടിയിരുന്നു. 

നിയമ തടസ്സങ്ങളില്ലാത്ത സ്വത്തുക്കള്‍ ഘട്ടംഘട്ടമായി ലേലം ചെയ്യുകയാണ് കേന്ദ്ര സർക്കാർ. ഈ വർഷം മാർച്ചില്‍ അല്‍-ഹുസൈനി കെട്ടിടത്തിലെ രണ്ട് ഫ്ലാറ്റുകള്‍ ഏകദേശം 2 കോടിക്ക് ലേലം ചെയ്തിരുന്നു.

കൂടാതെ, സാന്റാക്രൂസ് ഈസ്റ്റിലെ കോള്‍ കല്‍യാണ്‍ പ്രദേശത്തെ ഏകദേശം 1,200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭൂമിയും സവേരി ബസാറിലെ പ്ലോട്ടും ഡോംഗ്രിയിലെ കടയും കുർളയിലെ രണ്ട് ഫ്ലാറ്റുകളും ഉള്‍പ്പെടെയുള്ള മറ്റ് സ്വത്തുക്കളും സഫേമയുടെ നിയന്ത്രണത്തിലാണുള്ളത്. ഇവയും നിയമ നടപടികള്‍ പൂർത്തിയാകുന്ന മുറയ്‌ക്ക് ലേലം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ