Zygo-Ad

വിദ്യാർഥികൾക്കെതിരായ വിവാദ പ്രസ്താവന: ടി ജി മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു

 


തിരുവനന്തപുരം :ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ വിവാദ പ്രസ്താവനയിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിനെതിരെ കേസ്. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി.

വിവാദ പരാമർശത്തിനെതിരെ രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സൈബർ സെൽ ഐജി പി പ്രകാശിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്താനായിരുന്നു നിർദേശം. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെച്ചുകൊല്ലണം എന്നായിരുന്നു ടി ജി മോഹൻദാസിന്റെ പ്രസ്താവന. കൂടാതെ സമരത്തിനെത്തുന്ന പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലും ഇയാൾ സംസാരിച്ചിരുന്നു.

പരാമർശം വലിയ വിവാദമായതോടെ ടി ജി മോഹൻദാസിനെ തള്ളി ആർഎസ്എസ് നേതൃത്വവും രംഗത്തെത്തി. പ്രസ്താവന വ്യക്തിപരമാണെന്നും ആർഎസ്എസ് അതിനോട് യോജിക്കുന്നില്ലെന്നും ആർഎസ്എസ് ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹക് കെ ബി ശ്രീകുമാർ വ്യക്തമാക്കി. സംഘടനയുടെ ഒരുതരത്തിലുള്ള ചുമതലകളും നിലവിൽ ടി ജി മോഹൻദാസ് വഹിക്കുന്നില്ലെന്നും ആർഎസ്എസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ