Zygo-Ad

അക്കൗണ്ടിൽ മിനിമം ബാലൻസില്ലാത്തതിന് ബാങ്കുകൾ ഈടാക്കിയത് കോടികളുടെ പിഴ: കണക്കുകൾ കേന്ദ്രം പുറത്തുവിട്ടു

 


ന്യൂഡൽഹി :ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ശരാശരി ബാലൻസ് (MAB) നിലനിർത്താത്ത ഉപഭോക്താക്കളിൽ നിന്ന് രാജ്യത്തെ പ്രമുഖ ബാങ്കുകൾ വൻതുക പിഴയായി ഈടാക്കിയതായി കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബാങ്കുകൾ ഈടാക്കിയ തുകയുടെ വിവരങ്ങൾ വ്യക്തമാക്കിയത്.

സ്വകാര്യ മേഖലയിൽ എച്ച്‌ഡിഎഫ്‌സി ബാങ്കും ആക്‌സിസ് ബാങ്കുമാണ് പിഴ ഈടാക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. പൊതുമേഖലാ ബാങ്കുകളിൽ ബാങ്ക് ഓഫ് ബറോഡയാണ് ഏറ്റവും കൂടുതൽ തുക പിഴയായി പിരിച്ചത്.

ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022-23 സാമ്പത്തിക വർഷം മുതൽ 2025-26 വരെയുള്ള കാലയളവിൽ സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി ബാങ്ക് 5,670 കോടി രൂപയും ആക്‌സിസ് ബാങ്ക് 3,787 കോടി രൂപയും ഐസിഐസിഐ ബാങ്ക് 1,578.29 കോടി രൂപയും കോട്ടക് മഹീന്ദ്ര ബാങ്ക് 998.41 കോടി രൂപയും പിഴയായി ഈടാക്കി.

പൊതുമേഖലാ ബാങ്കുകളുടെ 2021-22 മുതൽ 2025-26 വരെയുള്ള അഞ്ചു വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ബാങ്ക് ഓഫ് ബറോഡ 2,028 കോടി രൂപയുമായി ഒന്നാം സ്ഥാനത്തുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് 1,896 കോടി രൂപയും ഇന്ത്യൻ ബാങ്ക് 1,777 കോടി രൂപയും കനറ ബാങ്ക് 1,524.08 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യ 816.24 കോടി രൂപയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1,600.77 കോടി രൂപയാണ് പിഴയീടാക്കിയത്. എന്നാൽ 2020 മാർച്ച് മുതൽ സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പിഴ എസ്ബിഐ പൂർണമായും ഒഴിവാക്കിയിട്ടുള്ളതിനാൽ ഈ തുക കറന്റ് അക്കൗണ്ടുകളിൽ നിന്ന് മാത്രം ഈടാക്കിയതാണെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം, പ്രധാൻ മന്ത്രി ജനധൻ യോജന (PMJDY) അക്കൗണ്ടുകൾക്കും ബിഎസ്ബിഡിഎ (BSBDA) അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് വ്യവസ്ഥയോ പിഴയോ ബാധകമല്ല. കൂടാതെ പൊതുമേഖലയിലെ 12 ബാങ്കുകളിൽ 10 എണ്ണവും സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിനുള്ള പിഴ പൂർണ്ണമായും നിർത്തലാക്കിയിട്ടുമുണ്ട്.

റിസർവ് ബാങ്ക് (RBI) നിർദേശപ്രകാരം മിനിമം ബാലൻസ് കുറയുമ്പോൾ ബാങ്കുകൾ അത് എസ്‌എംഎസ്, ഇമെയിൽ അല്ലെങ്കിൽ കത്ത് വഴി ഉപഭോക്താവിനെ അറിയിക്കണം. തുക നിക്ഷേപിക്കാൻ നിശ്ചിത സമയം നൽകിയ ശേഷമേ ബാങ്കുകൾക്ക് പിഴ ഈടാക്കാൻ സാധിക്കൂവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വളരെ പുതിയ വളരെ പഴയ