Zygo-Ad

പാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി: ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ അവിശ്വാസം പാസായി

 


കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായി എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് കൗൺസിലർമാരും ഒരു സ്വതന്ത്ര അംഗവും പ്രമേയത്തെ പിന്തുണച്ചതോടെയാണ് ഭരണം അട്ടിമറിക്കപ്പെട്ടത്.

എതിരില്ലാത്ത 17 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. എൽഡിഎഫിലെ 12 അംഗങ്ങൾക്ക് പുറമേ, കോൺഗ്രസ് അംഗങ്ങളായ ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരും വൈസ് ചെയർപേഴ്സണായ മായാ രാഹുലുമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ യുഡിഎഫ് നിർദ്ദേശിച്ചിരുന്നെങ്കിലും വിപ്പ് ലംഘിച്ച് കോൺഗ്രസ് അംഗങ്ങൾ യോഗത്തിനെത്തുകയായിരുന്നു. കോൺഗ്രസിലെയും മറ്റ് ഘടകകക്ഷികളിലെയും ചില അംഗങ്ങൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു.

ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും യുഡിഎഫിലെ ആഭ്യന്തര കലഹങ്ങളുമാണ് ഭരണമാറ്റത്തിലേക്ക് വഴിവെച്ചത്. 26 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിലെ വിള്ളൽ മുതലെടുത്താണ് എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ ഭരണം പിടിച്ചെടുത്തത്.

 

വളരെ പുതിയ വളരെ പഴയ