തിരുവനന്തപുരം: പുരോഗമന കേരളത്തിന്റെ പോരാട്ടവഴികളിലെ ഇടിമുഴക്കമായിരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കുമായി അവസാന ശ്വാസം വരെ പൊരുതിയ വി.എസിന്റെ ഓർമ്മകൾ മലയാളികളുടെ മനസ്സിൽ ഇന്നും ജ്വലിച്ചുനിൽക്കുകയാണ്.
സഖാവ് പി. കൃഷ്ണപിള്ളയുടെ സ്വാധീനത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്, തൊഴിലാളിവർഗ്ഗ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര-വയലാർ സമരത്തിന്റെ മുൻനിരയിൽ നിലയുറപ്പിച്ചു. 1964-ൽ സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി സി.പി.ഐ(എം) രൂപീകരിച്ച 32 മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. 1980 മുതൽ 1992 വരെ പാർട്ടി സംസ്ഥാന സെക്രട്ടറിയായും 1985 മുതൽ 2009 വരെ പൊളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിച്ചു.
82-ാം വയസ്സിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം പ്രതിപക്ഷ നേതാവായും കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത സ്വാധീനം ചെലുത്തി. പാമോലിൻ, ലാവ്‌ലിൻ, ഐസ്‌ക്രീം പാർലർ, ഇടമലയാർ കേസുകളിൽ നടത്തിയ നിയമപോരാട്ടങ്ങളും മതികെട്ടാൻമല കയറിയുള്ള ഇടപെടലുകളും പ്ലാച്ചിമട, എൻഡോസൾഫാൻ ഇരകൾക്കായുള്ള സമരങ്ങളും വി.എസിനെ ജനകീയ നായകനാക്കി മാറ്റി. ഒരു നൂറ്റാണ്ടോളം നീണ്ട ആ സമർപ്പിത ജീവിതത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണ് നാട്.
