ന്യൂഡൽഹി: ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പുതിയൊരു കോവിഡ് തരംഗത്തിന് സാധ്യതയില്ലെങ്കിലും മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം മഹാരാഷ്ട്രയിൽ ഇതുവരെ 48 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ രോഗബാധിതരായ 16 പേരിൽ നാലുപേർ മരണപ്പെടുകയും ചെയ്തു. മരിച്ചവരെല്ലാം മറ്റ് ഗുരുതര രോഗങ്ങളുള്ളവരായിരുന്നു. ബാധിതരുടെ സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിച്ചതിൽ ഒമിക്രോൺ ആർ.എഫ് 5 (Omicron RF.5) വകഭേദത്തിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.
തൊണ്ടവേദന, ചുമ, പനി, തലവേദന, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയവയാണ് ഈ ഉപവകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. മറ്റ് ഒമിക്രോൺ വകഭേദങ്ങളെപ്പോലെ ആർ.എഫ് 5 കൂടുതൽ അപകടകാരിയല്ലെങ്കിലും പ്രായമായവരും മറ്റ് രോഗബാധയുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
