ന്യൂഡൽഹി: പേപ്പർ കറൻസികൾക്ക് പകരം പോളിമർ നോട്ടുകൾ പുറത്തിറക്കാനുള്ള വലിയ നീക്കത്തിന് തുടക്കമിട്ട് റിസർവ് ബാങ്ക്. ആദ്യ ഘട്ടത്തിൽ 10, 20 രൂപയുടെ നോട്ടുകളാണ് വിപണിയിലെത്തിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന ഈ നോട്ടുകളോടുള്ള ജനങ്ങളുടെ പ്രതികരണം വിലയിരുത്തിയ ശേഷമായിരിക്കും വലിയ മൂല്യമുള്ള നോട്ടുകളിലേക്ക് കടക്കുക.
പോളിമർ ഷീറ്റുകൾ ലഭ്യമാക്കുന്നതിനായി ആർബിഐയുടെ പ്രിന്റിങ് വിഭാഗമായ ബിആർബിഎൻഎംആർഎൽ (BRBNMPL) ആഗോളതലത്തിൽ താല്പര്യപത്രം ക്ഷണിച്ചു. യോഗ്യതയുള്ള കമ്പനികൾക്ക് ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. 10, 20 രൂപകളുടെ അച്ചടിക്കായി 34,000 വീതം പോളിമർ ഷീറ്റുകളാണ് പ്രാഥമികമായി ആവശ്യപ്പെട്ടിരിക്കുന്നത്. വിൻഡോ പോർട്രെയ്റ്റ്, മെറ്റാലിക് ന്യൂമറൽ, മാഗ്നറ്റിക് സ്യൂഡോ ത്രെഡ്, ഷാഡോ ഇമേജ് തുടങ്ങിയ അത്യാധുനിക സുരക്ഷാ ഡിസൈനുകൾ അടങ്ങിയതും പരിസ്ഥിതി സൗഹൃദപരമായ വസ്തുക്കൾ കൊണ്ടുള്ളതുമാകണം ഈ ഷീറ്റുകൾ. ചൈന, പാകിസ്താൻ എന്നിവിടങ്ങളിൽ പ്രവർത്തി പരിചയമുള്ള ജീവനക്കാരെ ഇതിനായി ഉപയോഗിക്കരുതെന്നും പ്രത്യേക നിബന്ധനയുണ്ട്.
പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ കാലം ഈടുനിൽക്കുമെന്നതും പെട്ടെന്ന് കേടുപാടുകൾ സംഭവിക്കില്ലെന്നതുമാണ് പോളിമർ നോട്ടുകളുടെ പ്രധാന ആകർഷണം. പേപ്പർ നോട്ടുകളുടെ അച്ചടി ചെലവും ആവർത്തിച്ചുള്ള നിർമ്മാണവും കുറയ്ക്കാൻ ഇതുവഴി സാധിക്കും. കൂടാതെ കള്ളനോട്ടുകൾ പൂർണ്ണമായും തടയാനും പോളിമർ കറൻസി സഹായിക്കുമെന്നാണ് വിലയിരുത്തൽ. 1988-ൽ ഓസ്ട്രേലിയയിലാണ് ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് നോട്ടുകൾ അവതരിപ്പിച്ചത്.
