സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലബാർ മേഖലയിലെ മൂന്ന് ജില്ലകളിലാണ് നിലവിൽ പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
