Zygo-Ad

നീറ്റ് പുനപ്പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പതിനൊന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് യോഗ്യത

 


രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പുനപ്പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ പതിനൊന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പ്രവേശനത്തിന് യോഗ്യത നേടിയത്. പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത, ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽ എന്നിവർ 715 മാർക്ക് നേടി രാജ്യത്തെ ടോപ് സ്കോറർമാരായി മാറിയപ്പോൾ, യോഗ്യത നേടിയവരിൽ 58 ശതമാനവും പെൺകുട്ടികളാണ് എന്നത് ശ്രദ്ധേയമായി.

രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി ആകെ 5,454 ലേറെ പരീക്ഷാ കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ ക്രമീകരിച്ചിരുന്നത്. കേന്ദ്രസേനയുടെയും പൊലീസ് സേനയുടെയും കർശനമായ സുരക്ഷാവലയത്തിലായിരുന്നു പരീക്ഷാ നടത്തിപ്പ്. സുതാര്യത ഉറപ്പാക്കാനായി പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും അധികൃതർ സജ്ജമാക്കിയിരുന്നു. പരീക്ഷ ആരംഭിച്ചയുടൻ തന്നെ ജാമറുകൾ പ്രവർത്തനക്ഷമമാക്കി.

പതിനായിരത്തിലേറെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേക സൗകര്യങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലെ തത്സമയ ക്യാമറ ദൃശ്യങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) പ്രത്യേക സംഘം സസൂക്ഷ്മം നിരീക്ഷിച്ചു. എൻടിഎ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ നേരിട്ടെത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പരീക്ഷാ നടപടികൾ വിലയിരുത്തുകയും ചെയ്തിരുന്നു.


വളരെ പുതിയ വളരെ പഴയ