ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടയിൽ ടിക്കറ്റിന്റെ തെളിവായി വാട്സ്ആപ്പിൽ ലഭിച്ച പകർപ്പുകളോ, സ്ക്രീൻഷോട്ടുകളോ, പിഡിഎഫ് ഫയലുകളോ ഇനി മുതൽ സ്വീകരിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നു. റെയിൽവൺ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ, ഏത് മൊബൈൽ ഫോൺ ഉപയോഗിച്ചാണോ ടിക്കറ്റ് ബുക്ക് ചെയ്തത് ആ ഫോണിൽ തന്നെ ഒറിജിനൽ ടിക്കറ്റ് ഹാജരാക്കണമെന്നാണ് റെയിൽവേയുടെ പുതിയ നിർദ്ദേശം.
യാത്രക്കാരൻ ടിക്കറ്റ് എടുക്കാൻ ഉപയോഗിച്ച അതേ ഫോണിൽ തന്നെ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നാണ് പുതുക്കിയ നിയമം അനുശാസിക്കുന്നത്. കൂടാതെ ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് തന്നെ ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കണം. ട്രെയിൻ പുറപ്പെട്ടതിന് ശേഷം എടുക്കുന്ന ടിക്കറ്റുകൾ അസാധുവായി കണക്കാക്കുമെന്ന് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്.
റെയിൽവൺ ആപ്പ് വഴി ബുക്ക് ചെയ്ത അൺറിസർവ്ഡ് ടിക്കറ്റും അത് ബുക്ക് ചെയ്ത മൊബൈൽ ഫോണും പരിശോധനാ സമയത്ത് നിർബന്ധമായും കാണിക്കേണ്ടതുണ്ട്. ഇതിനൊപ്പം യാത്രക്കാരുടെ കൈവശം ഒരു ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഉണ്ടായിരിക്കണം. വാട്സ്ആപ്പ് വഴിയോ സ്ക്രീൻഷോട്ടുകളായോ മറ്റ് മാർഗങ്ങളിലൂടെയോ കൈമാറി കിട്ടുന്ന ടിക്കറ്റുകൾ സാധുവായ യാത്രാ രേഖയായി പരിഗണിക്കുകയില്ല.
കഴിഞ്ഞ ദിവസം ടിക്കറ്റ് പരിശോധനയ്ക്കിടെ യഥാർത്ഥ ഡിജിറ്റൽ ടിക്കറ്റിന് പകരം വാട്സ്ആപ്പ് സ്ക്രീൻഷോട്ട് കാണിച്ച യാത്രക്കാരന് റെയിൽവേ പിഴ ചുമത്തിയിരുന്നു. ഇതേത്തുടർന്നുണ്ടായ ചർച്ചകൾക്കൊടുവിലാണ് റെയിൽവേ കാര്യങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. സ്വന്തമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ അറിയാത്ത പ്രായമായ യാത്രക്കാർക്കും, ടിക്കറ്റുകൾക്കായി സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ആശ്രയിക്കുന്ന മറ്റുള്ളവർക്കും റെയിൽവേയുടെ ഈ പുതിയ നിയമം വലിയ രീതിയിൽ അസൗകര്യമുണ്ടാക്കുമെന്നാണ് ഭൂരിഭാഗം ഉപയോക്താക്കളും അഭിപ്രായപ്പെടുന്നത്.
