ബെംഗളൂരു: വിഖ്യാത പിന്നണി ഗായിക എസ് ജാനകി വിടവാങ്ങി. എൺപത്തിയെട്ട് വയസായിരുന്നു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊച്ചുമകൾ അപ്സരയാണ് സോഷ്യൽ മീഡിയയിലൂടെ വിയോഗവാർത്ത പങ്കുവെച്ചത്. പതിനേഴോളം ഭാഷകളിലായി ആയിരക്കണക്കിന് അനശ്വര ഗാനങ്ങൾ ആലപിച്ച സംഗീത പ്രതിഭയാണ് ഓർമ്മയായത്.
തലമുറകളെ താരാട്ടുപാടിയുറക്കുകയും പ്രണയരാവുകൾക്ക് ഭാവസാന്ദ്രതയേകുകയും ചെയ്ത വാനമ്പാടിയുടെ വിയോഗത്തിൽ സംഗീത ലോകം ഒന്നടങ്കം അനുശോചിച്ചു. 1938 ഏപ്രിൽ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജാനകി ജനിച്ചത്. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് സംഗീത പഠനത്തിനായി പിൽക്കാലത്ത് മദ്രാസിലെത്തിയത്.
1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ രണ്ടാംസ്ഥാനം നേടിയതോടെയാണ് ജാനകിയുടെ സംഗീതജീവിതത്തിന് തുടക്കമാകുന്നത്. വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്ര സംഗീതലോകത്തേക്ക് കടന്നുവന്നു. 1957ൽ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വഴിയിൽ എന്ന ഗാനത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.
തളിരിട്ട കിനാക്കൾതൻ (മൂടുപടം), അഞ്ജന കണ്ണെഴുതീ (തച്ചോളി ഒതേനൻ), സൂര്യകാന്തീ (കാട്ടുപൂവ്), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ നൂറുകണക്കിന് ഹിറ്റ് ഗാനങ്ങൾ ജാനകിയുടേതായുണ്ട്. പ്രണയം, വിരഹം, ഭക്തി, വാത്സല്യം, കുട്ടിത്തം എന്നിങ്ങനെ ജാനകിയുടെ സ്വരമാധുരിയിൽ വഴങ്ങാത്ത ഭാവങ്ങളുണ്ടായിരുന്നില്ല.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നാല് തവണയാണ് ജാനകിക്ക് ലഭിച്ചത്. 1977ൽ പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ എന്ന ഗാനത്തിനായിരുന്നു ആദ്യ ദേശീയ പുരസ്കാരം. തുടർന്ന് ഓപ്പോൾ (മലയാളം - 1980), സിതാര (തെലുങ്ക് - 1984), തേവർമകൻ (തമിഴ് - 1992) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ഇതിനുപുറമെ മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 14 തവണയാണ് ജാനകിയെ തേടിയെത്തിയത്. 2013ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു.
