തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമായ മത്തിയുടെ ലഭ്യത വരും ദിവസങ്ങളിൽ ഗണ്യമായി കുറഞ്ഞേക്കുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മുന്നറിയിപ്പ് നൽകുന്നു. ആഗോള സമുദ്രതാപന പ്രതിഭാസമായ എൽ നിനോ ശക്തമാകുന്നതാണ് കേരള തീരത്ത് മത്തിയുടെ ലഭ്യതയിൽ വൻ ഇടിവുണ്ടാക്കാൻ കാരണം. ലഭ്യത കുറയുന്നതോടെ വിപണിയിൽ മത്തിയുടെ വില കുതിച്ചുയരുമെന്നാണ് ആശങ്കപ്പെടുന്നത്.
സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് മത്തിയുടെ പ്രജനനത്തെയും ലഭ്യതയെയും സാരമായി ബാധിക്കുന്നത്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിലെ ട്രോളിങ് നിരോധന സമയത്ത് മത്തിയുടെ ലഭ്യതയിൽ ഉണ്ടാകാറുള്ള സ്വാഭാവിക മാറ്റങ്ങൾക്ക് പുറമെയാണ് ഇത്തവണ എൽ നിനോ പ്രതിഭാസവും വില്ലനാകുന്നത്.
കടലിലെ താപനില ഉയരുന്നത് മത്തിയുടെ പ്രധാന ആഹാരമായ പ്ലവഗങ്ങളുടെ ഉത്പാദനം കുറയ്ക്കും. ഇത് മത്തിക്കൂട്ടങ്ങൾ കേരള തീരത്തുനിന്ന് കൂട്ടത്തോടെ അകന്നുപോകാനോ വംശവർധന കുറയാനോ കാരണമാകുമെന്നാണ് സിഎംഎഫ്ആർഐ വ്യക്തമാക്കുന്നത്. മുൻവർഷങ്ങളിലും എൽ നിനോ പ്രതിഭാസം ശക്തമായപ്പോൾ കേരളത്തിൽ മത്തി ലഭ്യതയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
കേരളത്തിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മത്തിയുടെ ലഭ്യത കുറയുന്നത് മത്സ്യത്തൊഴിലാളികളെയും കച്ചവടക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കും. വരും മാസങ്ങളിൽ വിപണിയിൽ മത്തിക്ക് കടുത്ത ക്ഷാമം നേരിടാനും, തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വില നൽകി മത്തി എത്തിക്കേണ്ടി വരാനും ഇത് കാരണമാകും.
തുടർച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലെ പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കുമെന്നും സിഎംഎഫ്ആർഐ പഠനം പറയുന്നു. എൽ നിനോയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും സിഎംഎഫ്ആർഐ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിക്കും.
