മുംബൈ: മുഖസൗന്ദര്യം വർധിപ്പിക്കുമെന്ന പേരില്‍ വിപണിയിലെത്തിയ മൂന്ന് ബ്യൂട്ടി ക്രീമുകള്‍ക്ക് മഹാരാഷ്‌ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) നിരോധനം ഏർപ്പെടുത്തി.
പരിശോധനയില്‍ അപകടകരമായ അളവില്‍ മെർക്കുറി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഫേസ് ഫ്രഷ് ഗോള്‍ഡ്, ഗോള്‍ഡൻ സ്റ്റാർ ബ്യൂട്ടി ക്രീം, പാകിസ്താനില്‍ നിർമ്മിക്കുന്ന ഗോറി ബ്യൂട്ടി ക്രീം എന്നിവയാണ് നിരോധിച്ച ഉല്‍പ്പന്നങ്ങള്‍.
സംരംഭകനും സോഷ്യല്‍ മീഡിയാ ഉപയോക്താവുമായ ചിരാഗ് ഭർജാട്യയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് വിഷയം പൊതുശ്രദ്ധയില്‍ എത്തിച്ചത്.
നാഗ്പൂരിലെ 18 സ്ത്രീകള്‍ക്ക് രണ്ട് വർഷത്തിനിടെ വൃക്ക സംബന്ധമായ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയെന്നും ഇവരെല്ലാം ഗോറി ബ്യൂട്ടി ക്രീം സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
തുടർന്ന് എഫ്‌ഡിഎ നടത്തിയ പരിശോധനയില്‍ ക്രീമില്‍ അനുവദനീയമായ പരിധിയേക്കാള്‍ 752 മടങ്ങ് അധിക മെർക്കുറി കണ്ടെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
ഇതിനിടെ, ഗോറി ബ്യൂട്ടി ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗങ്ങള്‍ ബാധിച്ചെന്ന പരാതിയുമായി നാഗ്പൂരില്‍ നിന്ന് നിരവധി പേർ അധികൃതരെ സമീപിച്ചിരുന്നു.
പരാതികളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്‌ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ക്രീമിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് മെർക്കുറിയുടെ അളവ് അതീവ അപകടകരമാണെന്ന് സ്ഥിരീകരിച്ചത്.
ചില ഉപഭോക്താക്കള്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ വഴിയാണ് വാങ്ങിയതെന്നും, ഏകദേശം രണ്ട് വർഷത്തോളമായി തുടർച്ചയായി ഉപയോഗിച്ചു വരികയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ചില ക്രീമുകള്‍ കാലാവധി തീയതി പോലും രേഖപ്പെടുത്താതെയാണ് വിപണിയിലെത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ചർമ്മം വെളുപ്പിക്കാനുള്ള ക്രീമുകളില്‍ മെലാനിൻ ഉല്‍പ്പാദനം കുറയ്‌ക്കാൻ നിയമ വിരുദ്ധമായി മെർക്കുറി പോലുള്ള വിഷലോഹങ്ങള്‍ ചേർക്കുന്ന പ്രവണത ചില നിർമാതാക്കള്‍ക്കിടയില്‍ തുടരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മെർക്കുറി അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കളുടെ ദീർഘകാല ഉപയോഗം വൃക്കകള്‍, നാഡീവ്യൂഹം, കരള്‍ ഉള്‍പ്പെടെയുള്ള പ്രധാന അവയവങ്ങള്‍ക്ക് ഗുരുതരമായ തകരാറുകള്‍ സൃഷ്ടിക്കുമെന്ന് എഫ്‌ഡിഎ മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ഈ ക്രീമുകള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
