സംസ്ഥാനത്തെ മികച്ച സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് അഞ്ച് ലക്ഷം രൂപയുടെ സ്കൂൾ ഓഫ് എക്സലൻസ് പുരസ്കാരം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ്, അടിസ്ഥാനസൗകര്യങ്ങൾ, മികച്ച പഠനാന്തരീക്ഷം എന്നിവ വിലയിരുത്തിയായിരിക്കും സ്കൂളുകൾക്ക് ഗ്രേഡ് നിശ്ചയിക്കുന്നത്. ഇതിൽ നിന്നും ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന മൂന്ന് സ്‌കൂളുകളെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കുക.
ഒന്നാംസമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങളായി യഥാക്രമം മൂന്ന് ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയുമാണ് പുരസ്കാര തുക നിശ്ചയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സെപ്റ്റംബർ അഞ്ചിന് അധ്യാപകദിന ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഇതിനായുള്ള കൃത്യമായ മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ പുറത്തിറക്കുന്നതാണ്.
ഇതോടൊപ്പം ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നീറ്റ്, ജെഇഇ, യുപിഎസി തുടങ്ങിയ മത്സരപരീക്ഷകൾക്കുള്ള ഫൗണ്ടേഷൻ കോഴ്സ് നൽകുന്ന പുതിയ പദ്ധതിക്കും സെപ്റ്റംബർ അഞ്ചിന് തുടക്കമിടും. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 25 അധ്യാപകർക്ക് ഐഐഎം, ഐഎംജി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ അഞ്ച് ദിവസത്തെ മാസ്റ്റർ ട്രെയ്നിങ് പരിശീലനം നൽകുമെന്നും അധികൃതർ അറിയിച്ചു.
