കേരളത്തിൽ ഇന്ന് കർക്കിടക മാസപ്പിറവി. പഞ്ഞമാസമെന്നും ദുരിതമാസമെന്നും അറിയപ്പെടുന്ന കർക്കിടകത്തെ ഭക്തിയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും നാളുകളായാണ് മലയാളി വരവേൽക്കുന്നത്. ഇനിവരുന്ന ഒരു മാസം കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം മുഖരിതമാകും.
തിന്മയ്ക്ക് മേൽ നന്മ കൈവരിച്ച വിജയത്തിന്റെ കഥ പറയുന്ന രാമായണത്തിലെ വരികൾ ചൊല്ലിത്തീർക്കുന്നതിലൂടെ മനസ്സിനും ശരീരത്തിനും പുതിയൊരു ഉണർവ് ലഭിക്കുമെന്നാണ് വിശ്വാസം. കോരിച്ചൊരിയുന്ന കർക്കിടക മഴയിൽ രോഗങ്ങൾ വരാതിരിക്കാൻ ഔഷധക്കഞ്ഞി അഥവാ കർക്കിടകക്കഞ്ഞി കുടിക്കുന്ന പരമ്പരാഗത രീതിയും മലയാളി ഇന്നും കാത്തുസൂക്ഷിക്കുന്നു.
ക്ഷേത്രങ്ങളിൽ ഈ ഒരു മാസം പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ടായിരിക്കും. ദുരിതങ്ങൾ മാറി ഐശ്വര്യവും സമൃദ്ധിയും തിരികെവരുന്ന ചിങ്ങമാസത്തിനായുള്ള കാത്തിരിപ്പിന്റെ തുടക്കം കൂടിയാണ് ഈ കർക്കിടക മാസം.
