തിരുവനന്തപുരം: കെഎസ്‌യു നേതാക്കള്‍ക്ക് കൂടിക്കാഴ്ചക്ക് അനുമതി നല്‍കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. കൂടിക്കാഴ്ചക്കായി ഇന്നലെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കള്‍ അനുമതി തേടിയെങ്കിലും ലഭിച്ചില്ല.
കെ.എസ്.യു നേതാക്കള്‍ ഇന്നലെ തലസ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഇതുവരെ കൂടിക്കാഴ്ച സംബന്ധിച്ച് ഒരു മറുപടിയും ലഭ്യമായിട്ടില്ല. കെ.എസ്.യു നേതൃത്വത്തിന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം, മുഖ്യമന്ത്രി ഇന്ന് ഉച്ചക്ക് ഔദ്യോഗിക പരിപാടികള്‍ക്കായി കൊല്ലത്തേക്ക് തിരിക്കും. കെ.എസ്‍.യുവിന് എതിരായ പരിഹാസ പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.
മുഖ്യമന്ത്രിയുടെ പരാമർശം പരിധിവിട്ടെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. പാർട്ടി യോഗം ചേരുമ്പോള്‍ ഇക്കാര്യം ഉന്നയിക്കാൻ ആലോചിക്കുന്നതായും സൂചനയുണ്ട്.
അതിനിടെ, അലോഷ്യസ് സേവ്യർ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. സമരത്തിനിടെ പൊലീസ് വാഹനത്തില്‍ കയറി പ്രതിഷേധിക്കുന്ന ചിത്രത്തില്‍ 'നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരുകൂട്ടം ധിക്കാരികള്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നല്‍കിയത്.
സർക്കാർ പ്ലീഡർ നിയമനം നടത്തുന്നത് കെ.എസ്.യു കമ്മിറ്റികള്‍ അല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് രാഷ്ട്രീയ പോരിലേക്ക് വഴി വെച്ചത്. പ്ലീഡറായി നിയമനം ലഭിച്ച അഭിഭാഷക ജയോണ ജെയിംസ് തിരുവനന്തപുരം ലോ കോളജില്‍ എസ്.എഫ്.ഐ നേതാവായിരുന്നു എന്നായിരുന്നു കെ.എസ്.യുവിന്റെ ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.യു അക്കാലത്തെ ഭാരവാഹികളുടെ ഒപ്പ് സഹിതം മുഖ്യമന്ത്രിക്ക് കത്തും നല്‍കിയതാണ്. എന്നാല്‍, ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി പരിഹാസം കലർന്ന രീതിയില്‍ മറുപടി നല്‍കുകയായിരുന്നു.
