Zygo-Ad

വാഹന മോഡിഫിക്കേഷൻ ഇളവുകൾ ദുരുപയോഗം ചെയ്താൽ വാഹനം കണ്ടുകെട്ടും പുറത്തേക്ക് ശബ്ദമുള്ള സ്പീക്കറുകൾക്ക് കർശന വിലക്ക്

 


തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട് പുതിയ ഇളവുകളും അതോടൊപ്പം കർശന മുന്നറിയിപ്പുകളുമായി ഗതാഗത വകുപ്പ് രംഗത്ത്. മോഡിഫിക്കേഷനുകളുടെ കാര്യത്തിൽ സർക്കാർ പൊതുവെ ലിബറലായ സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും, ലഭിക്കുന്ന അനുമതികൾ ദുരുപയോഗം ചെയ്യുകയോ അത് അപകടങ്ങളിലേക്ക് നയിക്കുകയോ ചെയ്താൽ വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പത്രസമ്മേളനത്തിൽ അറിയിച്ചു.

​പ്രധാനമായും വാഹനങ്ങൾക്ക് പുറത്തേക്ക് വലിയ ശബ്ദത്തിൽ പാട്ട് കേൾപ്പിക്കുന്ന രീതിയിലുള്ള വോക്കൽ സ്പീക്കറുകൾ ഘടിപ്പിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വാഹനത്തിൽ പാട്ട് വെച്ച് പുറത്ത് നൃത്തം ചെയ്യുന്നതിനിടെ വണ്ടി അബദ്ധത്തിൽ മുന്നോട്ടെടുത്ത് ഒരു കുട്ടി മരണപ്പെട്ട ദാരുണസംഭവം ചൂണ്ടിക്കാട്ടിയാണ് ഈ അടിയന്തര നിർദ്ദേശം. ഇത്തരം സ്പീക്കറുകൾ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ളവർ അത് ഉടൻ തന്നെ അഴിച്ചുമാറ്റണമെന്നും, അല്ലാത്തപക്ഷം ഏത് സമയത്തും വാഹനം പിടിച്ചെടുക്കുമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി.

​അതേസമയം, വാഹനങ്ങളുടെ നിറം മാറ്റുന്നതുൾപ്പെടെയുള്ള മോഡിഫിക്കേഷനുകളിൽ കൂടുതൽ ഇളവുകൾ നൽകാനാണ് സർക്കാർ തീരുമാനം. നിറം മാറ്റുന്നത് സംബന്ധിച്ച് ചില സാങ്കേതിക കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. ഇതിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ ഗതാഗത വകുപ്പ് ഔദ്യോഗികമായി പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.


വളരെ പുതിയ വളരെ പഴയ