ദില്ലി: പരീക്ഷ ക്രമക്കേട് വിഷയത്തിലെ പ്രതിഷേധ വിജയത്തിന് പിന്നാലെ അയോധ്യ, ഇ 20 പെട്രോൾ തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. അതേസമയം ചോദ്യ പേപ്പർ ചോർച്ച കേസുകളിൽ ശിക്ഷ വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ബില്ലിനോട് സഹകരിക്കാൻ പ്രതിപക്ഷ നിരയിൽ തീരുമാനമായിട്ടുണ്ട്. ബിൽ സഭയിൽ പരിഗണിക്കുമ്പോൾ ചർച്ചയിൽ പങ്കെടുക്കാനാണ് പ്രതിപക്ഷ ധാരണ. വിഷയം ചർച്ച ചെയ്യുമ്പോൾ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം സഭയിൽ ശക്തമായി ഉന്നയിക്കും.
വിഷയത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. പകരം പ്രൾഹാദ് ജോഷി രാത്രി തന്നെ ചുമതലയേറ്റു. സമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നീക്കങ്ങൾ പ്രതിഷേധം തണുപ്പിക്കുന്നില്ല എന്ന് മനസ്സിലാക്കിയാണ് കേന്ദ്രം ധർമേന്ദ്ര പ്രധാനെ മാറ്റിയത്. സഭയിലെ ചോദ്യങ്ങൾക്ക് മറുപടി തയ്യാറാക്കാനുള്ള യോഗത്തിൽ പ്രധാൻ പങ്കെടുത്തിരുന്നെങ്കിലും ബിജെപിക്കുള്ളിലെ ശക്തമായ സമ്മർദ്ദമാണ് പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത്. പ്രധാന്റെ വകുപ്പെങ്കിലും മാറ്റണമെന്ന് പാർട്ടിയിലെ രണ്ട് മുതിർന്ന മന്ത്രിമാർ നിലപാടെടുത്തിരുന്നു.
