Zygo-Ad

ശത്രുവിനെ വീഴ്ത്തിയ ശൗര്യം; കാർഗിൽ വിജയ് ദിവസിന് ഇന്ന് 27 വയസ്സ്

 


കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 27 വയസ്സ് തികയുന്നു. 1999 ജൂലൈ 26 നാണ് ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിൽ മലനിരകളിൽ നിന്ന് ഇന്ത്യൻ സൈന്യം പൂർണ്ണമായും തുരത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ, തണുത്തുറഞ്ഞ മഞ്ഞിൽ ഇന്ത്യയുടെ അജയ്യമായ സൈനിക കരുത്ത് ലോകവും പാകിസ്താനും തിരിച്ചറിഞ്ഞ പോരാട്ടമായിരുന്നു അത്.

വർഷത്തിൽ ഒമ്പത് മാസവും മഞ്ഞ് മൂടിക്കിടക്കുന്ന പർവതമേഖലയാണ് കാർഗിൽ. കൊടും ശൈത്യകാലത്ത് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ അതിർത്തി പോസ്റ്റുകളിൽ നിന്ന് പിന്മാറുകയും തണുപ്പ് കുറയുമ്പോൾ തിരിച്ചെത്തുകയുമാണ് പതിവ്. എന്നാൽ 1999 ൽ കരാറുകൾ ലംഘിച്ച് പാക് സൈന്യം നേരത്തെ നുഴഞ്ഞുകയറി പോസ്റ്റുകൾ കയ്യടക്കി. മെയ് മാസത്തിലാണ് പാക് സാന്നിധ്യത്തെപ്പറ്റി ഇന്ത്യൻ പട്ടാളത്തിന് വിവരം ലഭിക്കുന്നത്. പ്രദേശത്തെ ആടുമേയ്ക്കുന്നവർ നൽകിയ വിവരമാണ് ഇവിടെ നിർണായകമായത്. തുടർന്ന് നടത്തിയ ശക്തമായ ഏറ്റുമുട്ടൽ 72 ദിവസത്തോളം നീണ്ടുനിന്നു. മെയ് മൂന്നിന് ആരംഭിച്ച പോരാട്ടം ജൂലൈ 26 ന് ഇന്ത്യയുടെ പൂർണ്ണ വിജയത്തോടെ അവസാനിച്ചു.

ക്യാപ്റ്റൻ ജെറി പ്രേം രാജ്, ലാൻസ് നായിക് സജി കുമാർ, ലെഫ്റ്റനന്റ് കേണൽ ആർ വിശ്വനാഥൻ തുടങ്ങി നിരവധി മലയാളികൾ ഉൾപ്പെടെ 527 ഇന്ത്യൻ ജവാന്മാരാണ് കാർഗിലിൽ രാജ്യത്തിനായി വീരമൃത്യു വരിച്ചത്. ആയിരത്തിലധികം പാക് ഭടന്മാർ കൊല്ലപ്പെട്ടെങ്കിലും നുഴഞ്ഞുകയറ്റത്തിൽ സ്വന്തം സൈന്യത്തിന്റെ പങ്ക് അവസാന നിമിഷം വരെ പാകിസ്താൻ നിഷേധിക്കുകയായിരുന്നു. രാജ്യം എന്നും അഭിമാനത്തോടെ ഓർക്കുന്ന കാർഗിൽ യുദ്ധത്തിൽ ജീവൻ അർപ്പിച്ച ധീരയോദ്ധാക്കളുടെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം.

 

വളരെ പുതിയ വളരെ പഴയ