ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കൾ 2026 ജൂലൈ 31-നകം ഇ കെ വൈ സി നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ബയോമെട്രിക് ഇ കെ വൈ സി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ഇതുവരെ കെ വൈ സി ചെയ്യാത്ത എല്ലാ ഉപഭോക്താക്കളും ഈ നടപടിക്രമം പൂർത്തിയാക്കേണ്ടതാണ്. എന്നാൽ ഇതിനകം ഇ കെ വൈ സി ചെയ്തിട്ടുള്ള സാധാരണ ഉപഭോക്താക്കൾ വീണ്ടും ചെയ്യേണ്ടതില്ല. അതേസമയം പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കളും നിലവിൽ സബ്സിഡി ലഭിക്കുന്നവരും എല്ലാ വർഷവും ഇ കെ വൈ സി പുതുക്കേണ്ടതുണ്ട്.
കണക്ഷൻ ഉടമ മരണപ്പെടുകയോ ഉടമ വിദേശത്താവുകയോ ചെയ്ത സാഹചര്യങ്ങളിൽ, ആവശ്യമായ രേഖകൾ സമർപ്പിച്ച് കണക്ഷൻ അർഹരായ നിയമാനുസൃത അവകാശിയുടെ പേരിലേക്ക് മാറ്റിയ ശേഷമാണ് ഇ കെ വൈ സി പൂർത്തിയാക്കേണ്ടത്. അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ, ഗ്യാസ് ഏജൻസികൾ എന്നിവ വഴി കെ വൈ സി ചെയ്യാം. അവസാന തീയതി വരെ കാത്തിരിക്കാതെ ഉപഭോക്താക്കൾ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്ന് സയ ഇൻഡെയ്ൻ സർവീസസ് ഇ കെ വൈ സി കോ ഓർഡിനേറ്റർ അറിയിച്ചു.
