വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ പശ്ചിമ ബംഗാൾ–വടക്കൻ ഒഡീഷ തീരപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ജൂലൈ 29 വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും നാളെ മുതൽ ബുധനാഴ്ച വരെ മഴയുടെ തീവ്രത വർധിക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും. ഇടിമിന്നലിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങൾ, വടക്കുകിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, പശ്ചിമ ബംഗാൾ, ഒഡിഷ, വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾ, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
