Zygo-Ad

റസ്റ്റാറന്റ് ബില്ലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്രം

 


റസ്റ്റാറന്റുകളിൽ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ നിർബന്ധിത സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന പരിശോധനയും നടപടിയും ഉണ്ടാകുമെന്ന് ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

ബില്ലുകളിൽ റസ്റ്റാറന്റുകൾ സ്വയം സർവീസ് ചാർജ് ചേർക്കുന്നുവെന്ന പരാതികൾ ഉയർന്നതിനെ തുടർന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ വഴി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ 41 റസ്റ്റാറന്റുകൾക്കെതിരെ സ്വമേധയാ നടപടിയെടുത്തു.

ഭക്ഷണത്തിന്റെ വിലയും അംഗീകൃത നികുതികളും മാത്രമാണ് ഉപഭോക്താക്കൾ നൽകേണ്ടതെന്നും, സർവീസ് ചാർജ് നിർബന്ധമാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. 2022 ജൂലൈയിൽ ഇറക്കിയ മാർഗനിർദ്ദേശങ്ങൾ 2025 മാർച്ചിൽ ഡൽഹി ഹൈക്കോടതി ശരിവെച്ചതോടെയാണ് നടപടികൾ കൂടുതൽ ശക്തമാക്കിയത്.

സേവനത്തിൽ തൃപ്തരാണെങ്കിൽ ഉപഭോക്താക്കൾക്ക് സ്വമേധയാ ടിപ്പോ സർവീസ് ചാർജോ നൽകാം. എന്നാൽ ഇത് ബില്ലിൽ നിർബന്ധമായി ചേർക്കാനോ ഒഴിവാക്കാൻ ആവശ്യപ്പെടുമ്പോൾ വിസമ്മതിക്കാനോ സ്ഥാപനങ്ങൾക്ക് അവകാശമില്ല. ബില്ലുകളിൽ സർവീസ് ചാർജ് നിർബന്ധമായി ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ വഴി പരാതി നൽകാവുന്നതാണ്.

 

വളരെ പുതിയ വളരെ പഴയ