തിരുവനന്തപുരം: മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനൊപ്പം പിഴയും ഈടാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദേശം നൽകി.
മീൻവണ്ടികളിൽ നിന്ന് പൈപ്പുകൾ വഴി റോഡിലേക്ക് ഒഴുക്കിവിടുന്ന മാലിന്യവെള്ളം ഇരുചക്ര വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇതിനുപുറമെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നുണ്ടെന്ന് എംവിഡി ചൂണ്ടിക്കാട്ടി.
മത്സ്യബന്ധന വാഹനങ്ങളിലെ മലിനജലം വാഹനങ്ങളിൽ തന്നെ ഘടിപ്പിച്ചിട്ടുള്ള ടാങ്കുകളിൽ ശേഖരിക്കുകയും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനമുള്ള സ്ഥലങ്ങളിൽ മാത്രം ഒഴുക്കിവിടുകയും വേണമെന്നാണ് വകുപ്പിന്റെ നിർദേശം. പൊതുനിരത്തിൽ മാലിന്യവെള്ളം തള്ളുന്നത് യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
