Zygo-Ad

മുത്തങ്ങ സമരത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എം. ഗീതാനന്ദൻ അടക്കമുള്ളവരെ കൊലപാതക കുറ്റത്തിൽ നിന്ന് വെറുതെവിട്ടു; സലാമിനെ ആക്രമിച്ച കേസിൽ ഗീതാനന്ദൻ കുറ്റക്കാരൻ

 


വയനാട്: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദൻ അടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കി. കേസിൽ വിചാരണ നേരിട്ട പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിയിക്കാൻ സി.ബി.ഐക്ക് സാധിച്ചില്ല.

അതേസമയം, അബ്ദുൾ സലാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിലും ഗൂഢാലോചന നടത്തിയതിലും എം. ഗീതാനന്ദൻ ഉൾപ്പെടെ നാലുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗീതാനന്ദന് പുറമെ രമേശ്, ബിനു, അനിൽകുമാർ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഇ. അയൂബ് ഖാനാണ് വിധി പ്രസ്താവിച്ചത്. സംഭവം നടന്ന് 23 വർഷത്തിനുശേഷമാണ് കേസിലെ വിധി വരുന്നത്.

2003 ഫെബ്രുവരി 19-നാണ് കേരളത്തെ പിടിച്ചു കുലുക്കിയ മുത്തങ്ങ സംഭവം അരങ്ങേറുന്നത്. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ സി.കെ. ജാനു, എം. ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ആദിവാസി ഗോത്ര മഹാസഭയുടെ കീഴിൽ ആദിവാസികൾ കുടിൽകെട്ടി അവകാശ സമരം നടത്തിവരികയായിരുന്നു. സമരക്കാരെ ഒഴിപ്പിക്കാൻ പോലീസ് നടത്തിയ ശ്രമത്തിനിടയിലുണ്ടായ സംഘർഷത്തിലാണ് കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു.



വളരെ പുതിയ വളരെ പഴയ