കൊച്ചി: സംസ്ഥാനത്തെ പൊലീസ് സംഘടനകളുടെ പുനഃക്രമീകരണത്തിൽ സർക്കാരിന് വൻ തിരിച്ചടി. പൊലീസ് അസോസിയേഷൻ പുനഃസംഘടിപ്പിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി.
സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്നും സംഘടന രൂപീകരിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 47 വർഷമായി പ്രവർത്തിക്കുന്ന സംഘടനയിലെ അംഗത്വ ഘടന പെട്ടെന്ന് പുനഃസംഘടിപ്പിച്ചത് എന്തിനെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സായുധ സേനാംഗങ്ങളുടെ മൗലികാവകാശങ്ങളിൽ മാറ്റം വരുത്താൻ പാർലമെന്റിന് മാത്രമാണ് അധികാരമെന്നും ഹർജിയിൽ പറയുന്നു. കേസിൽ അന്തിമ വിധി വരുന്നത് വരെ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 27-നായിരുന്നു ആഭ്യന്തര വകുപ്പ് കേരള പൊലീസ് അസോസിയേഷന്റെ അംഗത്വഘടന പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നിലവിലെ ഭരണസമിതികൾ പിരിച്ചുവിട്ട് ഡിജിപി ഉത്തരവിട്ടിരുന്നു. അസോസിയേഷനുകളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനും പുതിയ അംഗത്വ പൂർത്തീകരണത്തിനുമായി 17 പേരടങ്ങുന്ന താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നടപടികൾക്കാണ് ഇപ്പോൾ കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.
