തിരുവനന്തപുരം : വർധിച്ചുവരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിൽ, സഹായവുമായി കേരള പോലീസിന്റെ ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ) പദ്ധതി രംഗത്ത്. കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ, ഇൻറർനെറ്റ് അടിമത്തം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗൺസിലിങ്ങിലൂടെ മാത്രം പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഇവിടെ ഉറപ്പാക്കുന്നുണ്ട്. നിലവിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ആറ് സെന്ററുകളാണ് ഈ പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. സ്കൂളുകൾ മുഖാന്തിരം നടത്തുന്ന ഡിജിറ്റൽ അഡിക്ഷൻ ബോധവൽക്കരണ ക്ലാസുകൾക്ക് പുറമെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ടുള്ള കൗൺസിലിംഗും ഈ പദ്ധതി വഴി നൽകിവരുന്നു.
അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രകോപനം, അമിത ദേഷ്യം, അക്രമാസക്തരാകൽ, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിവയാണ് ഡിജിറ്റൽ അഡിക്ഷന്റെ പ്രധാന ലക്ഷണങ്ങൾ. മനശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ കുട്ടികളെ ഈ അഡിക്‌ഷനിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പിയും കൗൺസലിങ്ങും മാർഗനിർദ്ദേശങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കും.
ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഈ മേഖലയിലെ വിവിധ സംഘടനകൾക്കും പദ്ധതിയുടെ ഭാഗമായി അവബോധം നൽകുന്നുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡുമായി ബന്ധപ്പെടാവുന്നതാണ്. ഇതിൽ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും.
