കൊല്ലം: സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭര്‍ത്താവിന് സര്‍ക്കാര്‍ ജീവനക്കാരിയായ മുൻ ഭാര്യ ജീവനാംശം നൽകണമെന്ന് കോടതി ഉത്തരവിട്ടു. തൊടിയൂര്‍ സ്വദേശിയായ മുൻ ഭര്‍ത്താവിന് മാസംതോറും 2,500 രൂപ വീതം ജീവനാംശം നല്‍കാനാണ് ചവറ കുടുംബകോടതി ജഡ്ജി കെ എസ് ബെവീന നാഥ് വിധിച്ചത്.
രണ്ടുപേരും 2020 മുതല്‍ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. പിന്നീട് ഇവരുടെ വിവാഹമോചനം കോടതി അനുവദിച്ചു. ഈ ദാമ്പത്യത്തിൽ ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. ഭാര്യ തങ്ങളെ ഉപേക്ഷിച്ച് ദാമ്പത്യബന്ധത്തിലെ കടമകള്‍ നിര്‍വഹിക്കാതെ കഴിഞ്ഞുവരികയാണെന്നും, അതിനാൽ അവരില്‍നിന്ന് ജീവനാംശം കിട്ടാന്‍ അര്‍ഹതയുണ്ടെന്നും ബോധിപ്പിച്ചാണ് ബിരുദവും ബിഎഡുമുള്ള മുൻ ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരന് സ്വന്തമായി വരുമാനമോ വരുമാനമാര്‍ഗമോ മറ്റ് വസ്തുവകകളോ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരുടെയും മൂത്തമകളുടെ വിവാഹം കഴിഞ്ഞതാണ്. ഇളയമകള്‍ പിതാവിനൊപ്പമാണ് കഴിയുന്നത്. മുൻ ഭര്‍ത്താവിന് സ്ഥിരവരുമാനമുണ്ടെന്ന് തെളിയിക്കാൻ മുൻ ഭാര്യക്ക് കഴിയാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിമാസം 2,500 രൂപ സംരക്ഷണച്ചെലവിനത്തില്‍ നല്‍കാൻ കോടതി ഉത്തരവിട്ടത്. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകരായ അനൂബ് കെ ബഷീര്‍, സുരേഷ് കണിച്ചേരില്‍, സൈമാ നിസാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
