Zygo-Ad

എല്‍പിജിക്ക് പകരം അടുക്കളയില്‍ പാചക ഇന്ധനമായി എഥനോള്‍; പുതിയ നയവുമായി കേന്ദ്രം


ന്യൂഡല്‍ഹി: എല്‍പിജി ഇറക്കുമതി കുറയ്ക്കുന്നതിനും രാജ്യത്തെ എഥനോള്‍ ഉല്‍പ്പാദനം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുമായി അടുക്കളകളില്‍ എല്‍പിജിക്ക് പകരം എഥനോള്‍ പാചക ഇന്ധനമായി ഉപയോഗിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു.

സെപ്റ്റംബറോടെ ഇതു സംബന്ധിച്ച നയം പ്രഖ്യാപിക്കാനാണ് ആലോചന. എഥനോള്‍ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് സബ്‌സിഡിയോ മറ്റു സാമ്പത്തിക ആനുകൂല്യങ്ങളോ പ്രഖ്യാപിക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

രാജ്യത്ത് നിലവില്‍ പ്രതിവര്‍ഷം 2,000 കോടി ലിറ്ററിലധികം എഥനോള്‍ ഉല്‍പ്പാദന ശേഷിയുണ്ടെന്നാണ് കെയര്‍ എഡ്ജ് റേറ്റിങ്‌സിന്റെ റിപോര്‍ട്ട്. 

ഇതില്‍ ഏകദേശം 1,100 കോടി ലിറ്റര്‍ പെട്രോളില്‍ 20 ശതമാനം വരെ കലര്‍ത്തുന്നതിനും (ഇ20), 300 മുതല്‍ 350 കോടി ലിറ്റര്‍ വരെ മദ്യ, ഫാര്‍മസ്യൂട്ടിക്കല്‍, രാസവസ്തു വ്യവസായങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. 

ബാക്കിയാകുന്ന ഏകദേശം 700 കോടി ലിറ്റര്‍ എഥനോള്‍ പാചക ഇന്ധനമായി പ്രയോജനപ്പെടുത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. നേപ്പാള്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതകളും പരിശോധിക്കുന്നുണ്ട്.

എഥനോള്‍ പാചക ഇന്ധനമാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഥനോളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റൗകള്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. 

കൂടാതെ പെട്രോള്‍ പമ്പുകളില്‍ എഥനോള്‍ എടിഎമ്മുകള്‍ സ്ഥാപിച്ച്‌ ഉപഭോക്താക്കള്‍ക്ക് കാനുകളിലൂടെ ഇന്ധനം ലഭ്യമാക്കുന്നതിനും എല്‍പിജിക്ക് സമാനമായ വിതരണ ശൃംഖല ഒരുക്കുന്നതിനുമുള്ള പദ്ധതികളും പരിഗണനയിലാണ്.

എല്‍പിജിക്ക് പകരം എഥനോള്‍ ഉപയോഗം വ്യാപകമാകുന്നതിലൂടെ ഇറക്കുമതി ചെലവും സബ്‌സിഡി ബാധ്യതയും കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.

 ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റിന്റെ (ഐഐഎസ്ഡി) റിപോര്‍ട്ട് പ്രകാരം, ബയോഗ്യാസിലേക്കും എഥനോളിലേക്കും മാറുന്നതിലൂടെ 2050ഓടെ ഇന്ത്യയ്ക്ക് എല്‍പിജി സബ്‌സിഡി ഇനത്തില്‍ രണ്ടു ലക്ഷം കോടി രൂപയിലധികം ലാഭിക്കാനാകും.

പശ്ചിമേഷ്യന്‍ സംഘര്‍ഷം പോലുള്ള അന്താരാഷ്ട്ര പ്രതിസന്ധികള്‍ എല്‍പിജി വിതരണത്തെ ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 30 ദിവസത്തേക്ക് മതിയാകുന്ന തന്ത്രപ്രധാന എല്‍പിജി ശേഖരണ പദ്ധതി തയ്യാറാക്കാനും എണ്ണക്കമ്പനികളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. 

ഊര്‍ജ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ആഭ്യന്തര ഇന്ധന ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സുപ്രധാന നീക്കമായാണ് എഥനോള്‍ പാചക ഇന്ധന പദ്ധതിയെ സര്‍ക്കാര്‍ കാണുന്നത്.

വളരെ പുതിയ വളരെ പഴയ