Zygo-Ad

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ഇന്നുകൂടി; തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും


തിരുവനന്തപുരം: പ്ലസ് വൺ മുഖ്യഘട്ടത്തിലെ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പൂർത്തിയാകും. ഈ അവസാന അലോട്ട്‌മെന്റ് ലഭിച്ചവരിൽ ഭൂരിഭാഗം പേരും ഇതിനകം തന്നെ സ്കൂളുകളിൽ പ്രവേശനം നേടിയിട്ടുണ്ട്. വരും തിങ്കളാഴ്ച മുതൽ പ്ലസ്‌വൺ, വി.എച്ച്.എസ്.ഇ. ക്ലാസുകൾ ഔദ്യോഗികമായി ആരംഭിക്കും.

ആദ്യ രണ്ട് അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനത്തിന് അവസരമുണ്ടായിരുന്നെങ്കിലും മൂന്നാം അലോട്ട്‌മെന്റിൽ ആ സൗകര്യമില്ല. അതിനാൽ അലോട്ട്‌മെന്റ് ലഭിച്ചവർ നിശ്ചിത ഫീസടച്ച് നിർബന്ധമായും സ്ഥിരപ്രവേശനം നേടേണ്ടതുണ്ട്. അല്ലാത്തപക്ഷം പ്രവേശനത്തിനുള്ള അവസരം നഷ്ടമാകും.

മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കായി ജൂലൈ 13 മുതൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഘട്ടം ആരംഭിക്കും. ഇതിൽ പരിഗണിക്കപ്പെടാൻ അപേക്ഷകർ നിലവിലുള്ള വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് പരിശോധിച്ച് പുതിയ ഓപ്ഷനുകൾ ചേർത്താണ് അപേക്ഷ പുതുക്കേണ്ടത്.

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയതായി അപേക്ഷിക്കാം. മുൻപ് അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം മുഖ്യ അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടാതെ പോയവർക്ക് ഈ ഘട്ടത്തിൽ പിഴവുകൾ തിരുത്താനും അവസരമുണ്ട്. ഇങ്ങനെയുള്ളവർ നേരത്തെ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്തി സമർപ്പിച്ചാൽ മതിയാകും.

 

വളരെ പുതിയ വളരെ പഴയ