കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
