കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസ് സി ബി ഐക്ക് വിടേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്നും അതുകൊണ്ട് മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്.
സംഭവദിവസം ഇ ഡി ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇ ഡി അധികൃതർ തദ്ദേശീയമായി നടത്തുന്ന പരിശോധനകളെക്കുറിച്ച് പോലീസിന് മുൻകൂർ അറിയിപ്പൊന്നും നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ മുൻകൂട്ടി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ സാധിച്ചില്ലെന്നും സർക്കാർ വിശദീകരിച്ചു.
