ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കുകയാണ്. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോഴിക്കോട് തലക്കുളത്തൂർ സിഎംഎം ഹയർസെക്കൻഡറി സ്‌കൂളിൽ വച്ച് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും. ടീമാകാം പുതുയുഗസ്വപ്നങ്ങൾക്കായി എന്നതാണ് ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ പ്രധാന സന്ദേശം.
എറണാകുളം ജില്ലാതല പ്രവേശനോത്സവം അയ്യപ്പൻകാവ് എസ്എൻ എച്ച്എസ്എസിൽ വച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി അനൂപ് ജേക്കബ് ഈ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാനത്താകെ പ്ലസ്‌വൺ മുഖ്യ അലോട്ട്‌മെന്റിലൂടെ ഇതുവരെ 3,59,890 വിദ്യാർഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളിലായി നിലവിൽ 81,375 സീറ്റുകൾ ഒഴിവുണ്ട്. ഈ മാസം 13 മുതൽ ഓഗസ്റ്റ് അഞ്ചുവരെയാണ് സപ്ലിമെന്ററി പ്രവേശന നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. സ്‌പോർട്‌സ്, കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ടകളിലെ സപ്ലിമെന്ററി ഘട്ടം ഈ മാസം 10ന് പൂർത്തിയാകും. മുഴുവൻ പ്രവേശന നടപടികളും ഓഗസ്റ്റ് അഞ്ചിന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.
