ലോകകപ്പ് ഫുട്ബോളിൽ വൻ അട്ടിമറി. അഞ്ച് തവണ ലോകകിരീടം ചൂടിയ ബ്രസീലിനെ തകർത്ത് നോർവെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവെയുടെ വിജയം. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർ എർളിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളാണ് കാനറികളുടെ നെഞ്ചുതകർത്തത്.
മത്സരത്തിന്റെ 79-ാം മിനിറ്റ് വരെ ഇരുടീമുകൾക്കും ഗോൾ നേടാനായിരുന്നില്ല. എന്നാൽ 79-ാം മിനിറ്റിൽ ആന്ദ്രേസ് ഷിൽഡെറപ്പ് ഉയർത്തി നൽകിയ പന്ത് മനോഹരമായ ഹെഡ്ഡറിലൂടെ ഹാളണ്ട് ബ്രസീൽ വലയിലെത്തിച്ചു. തുടർന്ന് 90-ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്തുനിന്ന് തൊടുത്ത കൃത്യതയാർന്ന ഇടംകാലൻ ഷോട്ടിലൂടെ ഹാളണ്ട് നോർവെയുടെ രണ്ടാം ഗോളും ബ്രസീലിന്റെ പതനവും ഉറപ്പിച്ചു. ഈ ലോകകപ്പിൽ താരത്തിന്റെ ഏഴാം ഗോളാണിത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് പകരക്കാരനായി ഇറങ്ങിയ നെയ്മർ ബ്രസീലിനായി ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.
1990ന് ശേഷം ആദ്യമായാണ് ബ്രസീൽ ഒരു ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്. അന്താരാഷ്ട്ര ഫുട്ബോളിൽ നോർവെയെ തോൽപ്പിക്കാനായിട്ടില്ലെന്ന നാണക്കേടിന്റെ റെക്കോർഡ് ഇതോടെ ബ്രസീലിന് തുടരേണ്ടി വന്നു. കളിയുടെ പതിനാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ബ്രസീൽ താരം ബ്രൂണോ ഗ്വിമാരെസ് നഷ്ടപ്പെടുത്തിയത് കാനറികൾക്ക് തിരിച്ചടിയായി. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നോർവെയുടെ ക്ലിനിക്കൽ ഫിനിഷിംഗിന് മുന്നിൽ ബ്രസീൽ പ്രതിരോധം തകരുകയായിരുന്നു. 2002ലെ കിരീടനേട്ടത്തിന് ശേഷം തുടർച്ചയായ ആറാം ലോകകപ്പിലാണ് ബ്രസീൽ കിരീടമില്ലാതെ മടങ്ങുന്നത്.
